സ്വച്ഛ സർവേക്ഷൺ നഗരത്തിൽ നടക്കുന്നതിനാൽ, ഇതുമായി ബന്ധപ്പെട്ട റാങ്കിങ് ബെംഗളൂരുവിനെ ബാധിക്കുമോ എന്ന ഭീതി ബിബിഎംപി ഉദ്യോഗസ്ഥർക്കിടയിലുണ്ട്. നഗരജനതയുടെ സഹകരണവും ശുചിത്വ നടപടികൾക്കായി ഇതിനായി തേടിയിട്ടുണ്ട്. സർവേയുടെ വിശദാംശങ്ങളെ കുറിച്ചു യഥാസമയം പൊതുജനങ്ങളെ അറിയിക്കുന്നതിൽ ബിബിഎംപി അധികൃതർ വീഴ്ച വരുത്തിയതായും പരക്കെ ആക്ഷേപമുണ്ട്.
റസിഡന്റ്സ് അസോസിയേഷനുകൾ, സ്വയം സഹായസംഘങ്ങൾ, സന്നദ്ധ സംഘടനാ വൊളന്റിയർമാർ തുടങ്ങിയവരോട് പ്രചാരണ പരിപാടിയിൽ പങ്കുചേരാൻ ബിബിഎംപി ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ശുചീകരണ പ്രവർത്തനങ്ങൾക്കായി ട്രാക്ടറുകൾ, മറ്റു യന്ത്രസാമഗ്രികൾ, മണ്ണുമാന്തിയന്ത്രം, നിർമാണ വസ്തുക്കൾ തുടങ്ങിയവയും ലഭ്യമാക്കും. വിദഗ്ധ തൊഴിലാളികളെയും ലഭ്യമാക്കും.
നഗരത്തിലെ പ്രധാന ജംക്ഷനുകളും മേൽപ്പാലങ്ങളും അടിപ്പാതകളും മാലിന്യമുക്തമാക്കി സൗന്ദര്യവൽക്കരിക്കുകയാണ് പ്രധാനം. ഇവിടെയുള്ള ബാനറുകളും പോസ്റ്ററുകളും നീക്കുന്നതിനൊപ്പം ശുചിത്വ മാർഗങ്ങളെ കുറിച്ചുള്ള ലഘുലേഖകളും വിതരണം ചെയ്യും. തടാകങ്ങൾ, പാർക്കുകൾ, മഴവെള്ളച്ചാലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ തള്ളിയിരിക്കുന്ന മാലിന്യങ്ങളും നീക്കം ചെയ്യാൻ പദ്ധതിയുണ്ട്.