ഡേവിഡ് ജെയിംസ്

“സർ, പുറത്തൊരാൾ കാണാൻ വെയ്റ്റ് ചെയ്യുന്നു”

“വാട്ട് മീര …..യൂ നൊ ആം ഡേം ബ്യുസി ഓൺ വീക്കെൻ്റ്ഡ്സ് ….
അപ്പോയിൻ്റ്മെൻ്റെടുത്ത് പിന്നീട് വരാൻ പറയൂ”…..

“സർ, ബട്ട് ഹീ ഈസ് വെയിറ്റിങ് സൊ ലോങ്….ആൻഡ് ഹീ ഈസ് എ മല്ലൂ ടൂ” …….

പേർസണൽ അസിസ്റ്റന്റ് മീര വീണ്ടും നിർബന്ധിക്കുന്നു ….

“ഓക്കെ കാൾ ഹിം”

ശബ്ദത്തിനിച്ചിരി ബലം കൊടുത്തു തൻ്റെ
ഓഫീസ് റൂമിലിരുന്ന് ഡേവിഡ് ജയിംസ് മീരയോടായ് പറഞ്ഞു.

കുറച്ചു പ്രായം ചെന്ന മനുഷ്യൻ തലമുടികളിൽ നര ബാധിച്ചു തുടങ്ങി , കണ്ണുകളിൽ ക്ഷീണവും മുഖത്ത് എന്തോ ഒരു മ്ലാനതയും പോലെ,
പതിയെ ആ ചെയറിൽ നിന്നുമെണീറ്റ് അയാൾ ആ ഓഫീസ് റൂമിലേക്ക് നടന്നു ,

ഡോറിൽ മുട്ടിയപ്പോൾ

“കം ഇൻ”

വർണ്ണ ചില്ലുകളാൽ അലങ്കരിച്ച ആ വാതിൽ പതിയെ തള്ളിത്തുറന്ന് അയാൾ അകത്ത് കയറി ……

“പപ്പാ ….നിങ്ങളിവിടെ”……???

ആശ്ചര്യവും , ആശങ്കയോടെയും അതിലേറെ ദേഷ്യത്തിലും , ഡേവിഡ് തൻ്റെ സീറ്റിൽ നിന്നും ചാടിയെണീറ്റു…

“നിങ്ങളെങ്ങനെ ഇവിടെ ഇത്തി …?
എന്നോട് പറയാതെ ഇങ്ങോട്ട് വന്നതെന്തിന്”…..???

ദേഷ്യവും ശബ്ദവും അടക്കിപ്പിടിച്ചത് പുറത്തുള്ള സഹ ജോലിക്കാർ ശ്രദ്ധിക്കാതിരിക്കാനാവാം…

“നിന്നോട് പറയാൻ വേണ്ടി ഞങ്ങൾ ഒരുപാട് തവണ വിളിച്ചതാ മോനെ , മമ്മിയും പിള്ളേരും അവസാനം നിന്നെ പോയി കണ്ടു പറയാൻ പറഞ്ഞു”

“നിൻ്റെ ഓഫീസാണോ ഇത് ?കൊള്ളാലൊ”!!!

“ഇത് പറയാനാണോ എഴുന്നള്ളി ഇത്രേം ദൂരം വന്നത്”…??

അവൻ്റെ വാക്കുകളിലെ കോപം അയാൾക്കു മനസ്സിലായതിനാലാവാം ആയാൾ പതുക്കെ പറഞ്ഞു തുടങ്ങി ,

“മോനെ ടെസ്സമോടെ കല്യാണക്കാര്യം പറയാനാ ഇത്രേം ദൂരം വന്നു നിന്നെ കണ്ടത്, അവർക്കാണെങ്കിൽ ദൃതിയാന്നേ…. അടുത്ത മാസം ചെക്കനു ദുബായിൽ പോവേം വേണം , നല്ല ബന്ധമാ അവർക്കാണേൽ അവളെ ശരിക്കങ്ങു പിടിച്ചു , ഇനി എത്രയും പെട്ടെന്ന് ഒരു ഡേറ്റ് അങ്ങു പറയാൻ പറഞ്ഞു , അടുത്ത ആഴ്ചയാ അവരുടെ നോട്ടം… നിന്നോട് ചോദിക്കാതെങ്ങനാ ഞാനവർക്ക് ഉറപ്പു കൊടുക്കുന്നേ , അതാ കിട്ടിയ ബസ്സിനു ഞാനിങ്ങു പോന്നേ” ……

ഒരു വിധം പറഞ്ഞൊപ്പിച്ചു അയാൾ ,

” ഓ അതാണല്ലേ ഈ വരവിൻ്റെ ഉദ്ദേശം, അതിനിപ്പൊ ഞാനെന്നാ പറയാനാ പപ്പാ… നിങ്ങൾക്കെല്ലാം ഇഷ്ടമാണെങ്കിൽ അങ്ങ് നടത്തെന്നേ”……..

“അതെന്താ മോനെ അങ്ങനെ പറയുന്നേ..? നമ്മുടെ ടെസ്സകൊച്ചിൻ്റെ കല്യാണം നമ്മളല്ല്യോ നടത്തേണ്ടത് ..? ടീനയും വലുതായി വരല്ല്യോ അപ്പൊ വേഗം നടത്തുന്നതാ നമുക്കും നല്ലത്….
നീ ഒരു കാര്യം ചെയ്യ് നമുക്ക് നാളെ കാലത്ത് നാട്ടിലേക്ക് പോവാം അവിടുന്നെല്ലാം തീരുമാനിക്കാം, ഇനി രണ്ടു ദിവസം നിനക്കും ലീവ് അല്ല്യോ”….?

ഇത്തവണ അവൻ്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവക്കാൻ തുടങ്ങി ,

“നിങ്ങൾ എന്തു കരുതി ഓടി വന്നു വിളിച്ചോണ്ട് പോവാൻ ഇത് ചങ്ങനാശേരി ചന്തേൽ പപ്പ നടത്തിയിരുന്ന പലചരക്ക് കച്ചോടം അല്ല , എനിക്കിവിടെ ഒരുപാട് കമ്മിറ്റ്മെൻ്റ്സുണ്ട് അങ്ങനെ പെട്ടെന്ന് വരാൻ പറ്റില്ല ,മാത്രമല്ല യു.സ് മാർക്കറ്റിങ്ങിൻ്റെ ഡെഡ് ലൈൻ പോയൻ്റിലാണ് ഈ മാസം മുഴുവനും തിരക്കാണ് , പപ്പ പോയ്ക്കോളൂ , ക്യാശ് വേണേൽ അക്കൗണ്ടിലിട്ടേക്കാം”…..

“അപ്പൊ നീ കല്യാണത്തിനും വരില്ലേ മോനെ”…..?

“ഇല്ലെന്ന് പറഞ്ഞില്ലേ”……

അയാൾ പതിയെ തിരിഞ്ഞു നടന്നു ,കലങ്ങിയ കണ്ണുകൾ കയ്യിലെ ടവ്വലുകൊണ്ട് മറച്ചു ആരും കാണാതിരിക്കാനാവാം.

ഇനിയീ മഹാനഗരത്തിൽ തനിക്കൊന്നും ചെയ്യാനില്ലെന്ന് മനസ്സിലാക്കിയ അയാൾ നേരെ ബസ് സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു…….

പതിയെ ആ വലിയ ബസ് നീങ്ങി തുടങ്ങി

‘നാളെ കാലത്തേ നാട്ടിൽ എത്തൂ’

കണ്ടക്ടർ ആരോടോ പറയുന്നു , ബസ്സിൻ്റെ തിരക്കൊഴിഞ്ഞ ഒരു മൂലയിലെ സീറ്റിൽ അയാൾ ഇരുന്നു.
മനസ്സിൽ ഒരായിരം ഓർമ്മകളും അവ മനസ്സിനെ കോറി വലിക്കുന്നതായും അയാൾക്കുതോന്നി , മകനെ ഇഷ്ടമുള്ള കോഴ്സ് പഠിക്കാനായ് ഈ വലിയ നഗരത്തിൽ അയച്ചപ്പോൾ അവൻ്റെ മമ്മി ചോദിച്ചിരുന്നു

”ഇത്രയും ദൂരെയൊക്കെ വിടണോ അവൻ കുഞ്ഞല്ലെ”…..?

“അവൻ്റെ ഇഷ്ടത്തിനു വളരട്ടേ ടീ അവൻ നമ്മുടെ മോനല്ലേ അവനൊന്നിനും പോവൂല്ല്യാന്നേ….”

അത്രയ്ക്കും ഇഷ്ടായിരുന്നു അവനെ ഡിഗ്രീ കഴിഞ്ഞു ബാഗ്ലൂർ തന്നെ എം.ബി.എ ചെയ്യണമെന്നവൻ പറഞ്ഞപ്പോൾ പണത്തിന്റെ ഇല്ലായ്മ അവനെ അറിക്കാതെ മുന്നും പിന്നും നോക്കാതെ അവനോടു കോളേജിൽ അഡ്മിഷൻ എടുക്കാൻ പറഞ്ഞപ്പോഴും അന്നാമ്മ പറഞ്ഞതാണ്

“മനുഷ്യാ കടയിലെ വരുമാനം നിങ്ങൾക്കറിയാലൊ, ഇനിയും അവൻ പഠിക്കാൻ പോയാൽ നമ്മുടെ ചിലവു നടക്കൂല ,മാത്രമല്ല ഇതിറ്റങ്ങളു വലുതായി വരുന്നു ആ ഓർമ്മ വേണം”

ഒരു പുഞ്ചിരിയോടെ അന്നു പറഞ്ഞത്

“അതിനല്ലേ നമ്മുടെ മോൻ പഠിക്കുന്നത് അപ്പഴേക്കും അവൻ അറിയപ്പെടുന്നൊരു ബിസ്സിനസ് മാൻ ആവും നീ നോക്കിക്കോ…..”

ഓർമ്മകൾ അങ്ങനെ കയറൂരി വിട്ട മാടിനെ പോലെ ഗതിയില്ലാതെ വിഹരിച്ചു………….

അവൻ്റെ സെക്കൻ്റ് ഇയർ ഫീസിനായ് ഞാനലയുന്ന കാര്യം അമ്മ വഴി അറിഞ്ഞ ടെസ്സ ഒരിക്കൽ അവളുടെ സ്വർണ്ണ മാല അഴിച്ചു തന്നേച്ചും പറഞ്ഞു….

“എന്നാത്തിനാ പപ്പാ എനിക്കീ മാല അല്ലേലും ഞാൻ സുന്ദരി ആണല്ലോ , പിന്നെ പപ്പ അന്ന് ബർത്ത്ഡേ ഗിഫ്റ്റ് ആയി തന്നോണ്ടാ ഞാനിതും ഇട്ടോണ്ട് നടക്കുന്നേ …
അവന് ജോലി കിട്ടിയാൽ അവൻ വാങ്ങിച്ചു തന്നോളും ”

ചെറു പുഞ്ചിരിയോടെ അന്നവൾ പറഞ്ഞതോർത്തപ്പോൾ അയാളുടെ കണ്ണുകൾ നനഞ്ഞു…..

സങ്കടവും ,ദേഷ്യവും അയാളിൽ ഒരു വാശിയായ് രൂപപ്പെട്ടു ഒരാളുടെയും സഹായമില്ലേലും ഞാനെൻ്റെ മകളുടെ കല്യാണം അന്തസ്സായി നടത്തും അതിനിനി പറമ്പും, സ്ഥലവും വിൽക്കേണ്ടി വന്നാലും അവനെ വിളിക്കില്ലെന്ന് അയാൾ മനസ്സിലുറപ്പിച്ചു.

രാവിലെ എട്ട് മണിയായ് കാണും ബസ്‌ ചങ്ങനാശേരി സ്റ്റാൻഡിൽ എത്തി , ബസ്സിറങ്ങി അയാൾ നേരെ വീട്ടിലേക്ക് നടന്നു……

“ഡേവിഡെന്ത്യേ പപ്പാ…. അവൻ വന്നില്ല്യേ…….? ”

മുറ്റമടിക്കുന്ന ടീന ജിക്ഞാസയോടെ ……

“പറയാം മോളെ മമ്മി എന്ത്യേ”….?

“അവൻ ആ കമ്പനിന്നൊക്കെ മാറി മക്കളേ , കാണാനും പറ്റിയില്ല , തിരക്കാവും അതാ വിളിക്കാത്തതും ”

അയാൾ ഒരുവിധം പറഞ്ഞൊപ്പിച്ചു.
അന്നാമ്മയോടടക്കം അയാൾ ആദ്യമായി കള്ളം പറഞ്ഞു അവർക്കൂടി അവനെ വെറുക്കാതിരിക്കാൻ….

“അപ്പൊ അവൻ കല്യാണത്തിനും വരില്ലേ പപ്പാ….”?

ടെസ്സയുടെ ശബ്ദമിടറി.

ആൺ വീട്ടുകാർ ഒന്നും ആവശ്യപ്പെട്ടില്ലങ്കിലും അവൾക്ക് അത്യാവശ്യം വേണ്ടതെല്ലാം നൽകി അന്തസ്സായി തന്നെ അവളെ കൈ പിടിച്ചിറക്കി പകരം അയാൾ അദ്ധ്വാനിച്ചുണ്ടാക്കിയ സ്ഥലം കുറച്ച് വിൽക്കേണ്ടി വന്നു , ഇതിനൊക്കെയാണല്ലോ നമ്മൾ ജീവിക്കുന്നതെന്ന പൊതു തത്വം അയാൾ ചെറു പുഞ്ചിരിയോടെ ഓർത്തു .
ടീനയും നല്ലൊരു വീട്ടിൽ എത്തി, ബാക്കി ആയത് അയാൾക്കും അന്നമ്മയ്ക്കും താമസിക്കാനായ് ആ വീട് മാത്രം ….
എന്നിരുന്നാലും അയാൾ സന്തോഷവാനാണ് കാരണം മക്കൾ എപ്പോഴും ഹാപ്പിയാണ് , മരുമക്കളേയും കൂട്ടി വീട്ടിൽ വരുമ്പോൾ അവരിൽ അത് നിറഞ്ഞ് കാണാം

തൊട്ടതെല്ലാം പൊന്നാക്കി മറ്റൊരു ലോകത്ത് ഡേവിഡ് ജെയിംസ് എന്ന ബിസ്സിനസ് ലയൺ വളർന്നു പന്തലിക്കുകയായിരുന്നു , കമ്പനിയിലെ സി.ഇ.ഒ അവൻ്റെ മികച്ച ജോലിയും,അദ്ധ്വാനവും കണ്ടു ഷെയർ ഹോൾഡറാക്കുന്നു , വിദേശ ബിസ്സിനസ് കമ്പനികളുമായ് തന്ത്രപൂർവ്വ യോജിപ്പിലൂടെയും , കൂർമ്മ ബുദ്ധിയിലൂടെയും അവൻ ബിസ്സിനസ് ലോകം വെട്ടിപിടിച്ചു തുടങ്ങി , അല്ലെങ്കിലും മനസാക്ഷി ഇല്ലാത്തവർക്ക് തഴച്ചു വളരാനുതകുന്ന ഉഴുത് നിലമാണല്ലോ ബിസ്സിനസ് പലപ്പോഴും….
ഇന്ന് പല കമ്പനികളിലും സിംഹഭാഗം ഷെയർ ഹോൾഡുള്ള വലിയൊരു നാമമായി ബാഗ്ലൂരിനു പുറത്തേക്കും വളർന്നു ഡേവിഡ് ജെയിംസ്

നിശാക്ലബുകളിലെ വർണ്ണ ശബളമായ നൈറ്റ് പാർട്ടികൾ ആഘോഷിക്കുന്നതിനടയിൽ ഒരു കോൾ …….

“ഡേവിഡേ…. ഞാൻ വിപിൻ ആണെടാ നിൻ്റെ പഴയ കളിക്കൂട്ടുകാരൻ …ഡാ നിൻ്റെ പപ്പാ…….
പപ്പ ഇന്ന് കാലത്ത് മരിച്ചു .. …ചെറിയ അറ്റാക്കായിരുന്നു , നീ എവിടെ ആയാലും കാലത്ത് ഇങ്ങെത്തണം നീ വരുമെന്ന് ഞാൻ പറയും നീ വന്നിട്ടേ…എല്ലാ ചടങ്ങും” ……

പറഞ്ഞു തീരും മുമ്പേ അവൻ ഫോൺ കട്ടു ചെയ്തു ……

“കമോൺ ഹാൻഡ്സം , ലെറ്റസ് ഡാൻസ് ”

പിറകിന്നു വിളിച്ച റഷ്യൻ ഗേൾ അവൻ്റെ കഴുത്തിലൂടെ ചുറ്റിപിടിച്ചു , ഉന്മാദ ലഹരിയിൽ ആ മരണ വാർത്ത അവനിലൊരൽപ്പം പോലും വിഷമം സൃഷ്ടിച്ചില്ല , മാത്രമല്ല കൂടുതൽ ഊർജത്തോടെ മോസ്റ്റ് എക്സ്പനസീവ് മോഡലുകളുമായ് തൊട്ടുരുമ്മി ചുവടുകൾ വച്ചു. അവൻ്റെ മനസ്സ് ഇങ്ങനെ മന്ത്രിച്ചു ,

“ഫൈനലി ദാറ്റ് ഓൾഡ് മാൻ ഈസ് ഗോൺ”……..

നാട്ടുകാരും, കൂട്ടക്കാരും ,പള്ളിക്കാരും എല്ലാം മരണവീട്ടിൽ കൂടി പലരും അവൻ വരുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നു ഒരു പക്ഷേ ആ മരിച്ചു കിടക്കുന്ന ശരീരം പോലും ആഗ്രഹിച്ചു കാണും ഒരു വേള അവൻ വന്നിരുന്നെങ്കിൽ എന്ന് ,ആത്മാവ് ഇത് നേരത്തെ മനസ്സിലാക്കിയതിനാലാവാം കാത്തിരിക്കാൻ നിൽക്കാതെ നേരത്തെ പോയി.

“ഇനിയും കാക്കണോ …? വരോ ഇല്ല്യോന്നൊറപ്പിലാണ്ട് എത്രേന്നു വച്ചാ നമ്മൾ”….

ഒരു തലമൂത്ത കാരണവർ പറഞ്ഞു . അത് ശെരിവെച്ച് ബാക്കിയുള്ളവരും ചടങ്ങുകളൊക്കെ തീർത്ത് ശരീരം കല്ലറയ്ക്കു സമർപ്പിക്കാനായ് നീങ്ങി ….

മകനെ വിളിച്ചു കരയുന്ന അമ്മയേയും , സഹോദരികളേയും കണ്ടു നാട്ടുകാർക്ക് വരേ സങ്കടം അടക്കാനായില്ല പലരും അവരവരുടെ ഉള്ളിൽ തന്നെ ചോദിച്ചു

“ന്നാലും ഈ ചെക്കനിതെവിടെ……”

അവൻ വരില്ലെന്നുറപ്പുണ്ടായിട്ടും വിളിച്ചറിയിച്ച കൂട്ടുകാരൻ വിപിനും അവനറിയുന്നത് മറച്ചു വച്ചു , കാരണം അറിഞ്ഞിട്ടും വന്നില്ലെന്ന് നാട്ടുകാർ പറയാതിരിക്കാൻ , അവൻ്റെ അമ്മ അവനെ ശപിക്കാതിരിക്കാൻ………..

ഉയരങ്ങളിലെ ചില്ലകൾ കീഴടക്കി ഡേവിഡ് വ്യവസായത്തിന്റെ ഒരു വൻ വൃക്ഷമായി മാറുകയായിരുന്നു, വിദേശ കുത്തക കമ്പനികൾപ്പോലും അക്ഷരാർത്ഥത്തിൽ അവനേയും അവനു കീഴിലുള്ള സംരഭങ്ങളേയും നോക്കി ആശ്ചര്യപെട്ടു, സ്വന്തമായി ഫാക്ടറികളും , അംബരച്ചുംബികളും ഉയർന്നു വന്നു , ഒട്ടുമിക്ക ഭീമൻ കമ്പനികളിലും തൻ്റേതായ വൻ നിക്ഷേപങ്ങൾ.
കൂടെ ‘ഇന്ത്യൻ ബിസ്സിനസ് മാൻ ഓഫ് ദി ഇയർ’ പുരസ്കാരവും ഡേവിഡിനെ തേടിയെത്തി .

“മമ്മീ ഇങ്ങനെ കിടന്നാലെങ്ങനാ…? എണീറ്റ് ഈ ചോറ് കഴിക്ക്”

ടെസ്സ അമ്മയെ ഫൂഡ് കഴിക്കാൻ നിർബന്ധിക്കുന്നു , അച്ഛൻ പോയതിനു ശേഷം അവരും തളർന്നു പോയി ….

“എനിക്കിപ്പോൾ വേണ്ട മോളേ……
എന്നാലും അവനൊന്നു വിളിച്ചൂടെ ജീവനോടുണ്ടോന്നേലും അറിയാലോ ബാക്കിള്ളോർക്ക്”.

“ഇനി അവനെന്തേലും പറ്റിയോ ….? എവിടേലും പെട്ടുപോയോ എൻ്റേശുവേ”……
ടീനയും കൂടെ കൂടി……

സന്ധ്യയിൽ കുരിശു വരച്ചു പ്രാർത്ഥിക്കുന്ന ഒരോ നിമിഷങ്ങളിലും അവർ അവൻ തിരിച്ചു വരുവാനായ് മനമുരുകി പ്രാർത്ഥിച്ചു …..

ടീനയും ,ടെസ്സയും അവരുടെ വീടുകളിൽ പോവുമ്പോൾ സ്ഥിരം മമ്മിയെ കൂടെ വിളിക്കും

” അവനെങ്ങാനും വന്നാൽ ഇവിടെ ആരേം കാണാത്തോണ്ട് നമ്മളൊക്കെ വീടുവിട്ട് എവിടെയോ പോയെന്ന് കരുതും മക്കളേ …
വർഷം ഒരുപാടായില്ല്യോ”…..

ഇത് കേൾക്കുമ്പോൾ സങ്കടം ഉള്ളിലൊതുക്കി അവർ മടങ്ങും , എങ്കിലും രണ്ടുപേരും ഒഴിവുണ്ടാകുമ്പോഴെല്ലാം മമ്മിയെ കാണാൻ ഓടിയെത്തി.

ഉയരങ്ങളെല്ലാം കീഴടക്കിയ ഡേവിഡിപ്പോൾ സുഖലോലുപതയിൽ വിശ്രമിക്കുന്ന രാജാവിനെപ്പോലെ സദാ സമയവും ലഹരിയിലാണ് അത് പലപ്പോഴും മദ്യത്തിലും , മനം മയക്കുന്ന തരുണീ മണികളിലും മറ്റും, ചിലപ്പോൾ വീര്യമേറിയ മയക്കുമരുന്നുകളിലും ……

ഒറ്റ രാത്രി വെളുത്തപ്പോൾ ബിസ്സിനസ് ലോകം കീഴടക്കിയ വേഗതയിൽ വളർന്നു പന്തലിച്ച ഡേവിഡിന് മിത്രങ്ങളിലുമേറെ ശത്രുക്കളായിരുന്നു ചുറ്റും , തങ്ങളുടെ സാമ്രാജ്യം വെട്ടിപിടിച്ചവനോട് പുറത്ത് ചിരിച്ചു കാണിച്ചു ഒരവസരത്തിനായ് കാത്തു നിന്നു പല കുത്തക മുതലാളിമാരും , അവരിൽ കാലാ,കാലങ്ങളായ് ബിസ്സിനസിൻ്റെ തലപ്പത്തിരുന്ന ഒരു കമ്പനി തന്നെ അവനെ ഇല്ലാതാക്കാനുള്ള പ്ലാനുകൾ മെനഞ്ഞ് കൊണ്ടിരുന്നു ,
ഒടുവിൽ അവൻ്റെ ഏറ്റവും വീക്ക് പോയിൻ്റ് പെണ്ണിൽ തന്നെ എറിഞ്ഞു അവർ, ഒരു സ്റ്റെല്ല എന്ന സുന്ദരി പെണ്ണിനെ പേർസണൽ അസിസ്റ്റന്റ് ജോലിക്കായ് അയച്ചു , കൂടെ നിന്നിരുന്ന മീരയെ പുറം കാലുകൊണ്ട് ചവിട്ടി പുറത്താക്കി അയാൾ.

മനം മയക്കുന്ന ചിരിയും , കൊഞ്ചലുമായ് സ്റ്റെല്ല അവൻ്റെ മനസ്സിൽ കയറി.

അവൾക്കിന്ന് ഓഫീസിനു പുറമെ അയാളുടെ എല്ലാ ബിസ്സിനസിലും മേൽനോട്ടമുണ്ട് , വിശ്വസ്തത അഭിനയിച്ചും അവൻ്റെ ഏകാന്തതയിൽ കൂട്ടായും അവൾ അവനോടു ചേർന്നു…..

തിരക്കു പിടിച്ച തൻ്റെ ജീവിതത്തിൽ അവളിലൂടെ അവൻ ആശ്വാസം കണ്ടെത്തി, മറ്റു ലഹരികൾ താൽക്കാലികമായ് അയാളോട് വിട പറഞ്ഞപ്പോൾ പതിയെ അയാളറിയാതെ തന്നെ മനസ്സ് സ്റ്റെല്ല യോടടുക്കുകയായിരുന്നു.

അവളുടെ സ്നേഹം കണ്ട ഡേവിഡവൾക്കായ് പരമാവധി സ്വാതന്ത്ര്യം കൊടുത്തു , പെണ്ണിൻ്റെ വലയിൽ ഏതൊരാണിനേയും പോലെ അവനും……

ഒടുവിൽ തന്നെ അയച്ചവരോട് നന്ദി കാണിക്കാൻ തുടങ്ങി അവൾ, പല ബിസ്സിനസ് ഡീറ്റയൽസും അവർക്ക് കൈമാറി , പല വ്യവഹാരങ്ങളും ഡേവിഡ് അറിയാതെ ഇവർക്കായ് ചെയ്തു , ഒരു തലയ്ക്കൽ നിന്നും ഡേവിഡിൻ്റെ ബിസ്സിനസ് സാമ്രാജ്യം വിള്ളലേൽക്കാൻ തുടങ്ങി.
പതിയെ പതിയെ അത് തകരാനും…….

അവളെ അന്തമായി വിശ്വസിച്ച ഡേവിഡ് ഇതറിയാൻ വൈകിപ്പോയി. കാര്യങ്ങൾ അവനറിഞ്ഞു വന്നപ്പഴേക്കും അവനെത്തിപ്പിടിക്കാൻ കഴിയാത്ത ദൂരത്തിൽ തൻ്റെ ബിസ്സിനസ് സാമ്രാജ്യം അകന്നതായ് മനസ്സിലാക്കി അയാൾ,
എന്നാൽ അതിലുപരി താൻ എല്ലാമെല്ലാമായ് കണ്ട് ജീവിതത്തിലാദ്യമായ് സ്നേഹിച്ചു തുടങ്ങിയ ആൾ തന്നെ വഞ്ചിച്ചതുകൂടി അറിഞ്ഞപ്പോൾ അയാൾ അക്ഷരാർത്ഥത്തിൽ തളരുകയായിരുന്നു , തന്നിലെ ഫീലിങ്ങ്സും, സെൻ്റിമെൻ്റ്സും ആദ്യമായി അയാളും തിരിച്ചറിഞ്ഞു.

താൻ വെട്ടിപിടിച്ച തൻ്റെ കയ്യൊപ്പ് പതിച്ച സ്ഥാപനങ്ങളും , സംരഭങ്ങളും , കൂടെ ജീവനോളം സ്നേഹിച്ചു തുടങ്ങിയവളും കൂടി വഞ്ചനയുടെ പൊയ്മുഖമായിരുന്നു എന്ന് തിരിച്ചറിഞ്ഞ ഡേവിഡ് പിന്നീട് പൂർണ്ണമായും ആ പഴയ ശീലങ്ങളിലേക്ക് മടങ്ങുകയായിരുന്നു. മദ്യത്തിലും ,മയക്കുമരുന്നുകളിലുമായി അഭയം തേടി, കരകേറാനാവാത്ത വിധം ലഹരിയുടെ കയത്തിൽ മുങ്ങി.
പുലരുവോളം മദ്യത്തിലും ,മയക്കുമരുന്നിലും ആറാടി.
ഒടുവിൽ പല ഓഫീസുകളിലും തീരെ പോവാതയായ് , പലയിടത്തും മദ്യപിച്ചും മറ്റും പോയി വഴക്കും , ഒടുവിൽ ലഹരിക്കടിമപെട്ട അവസ്ഥവരുമെന്നായപ്പോൾ കുറച്ചെങ്കിലും മനസാക്ഷി ഉള്ളവർ ഉപദേശത്തോടെയും , സ്നേഹത്തോടെയും അയാളെ സമീപിച്ചപ്പോൾ……

“ഡേവിഡ് വളർന്നതൊറ്റയ്ക്കാ….
ഒരു സെൻ്റിമെൻ്റ്സിനും പിടികൊടുക്കാതെ
ഇനിയും വളരും …
ഉപദേശവും കൊണ്ടൊരുത്തനും ഈ വഴി വന്നേക്കരുത്”.

അതോടെ പലർക്കും അടുക്കാൻ പോലും മടിയായ് …
ഒടുവിൽ ലഹരികൾക്കടിമപ്പെട്ട് ഒരു തരം ഭ്രാന്തനെപ്പോലെയായ്, ഡേവിഡ് എന്ന ബിസ്സിനസ് അധിപൻ്റെ അധഃപതനം അവിടെ തുടങ്ങുകയായിരുന്നു.

ഒട്ടും മനസാക്ഷി ഇല്ലാത്ത ബിസ്സിനസ് ലോകത്ത് അവൻ കീഴടക്കിയ ചില്ലകൾ പതിയെ, തങ്ങളുടേതാക്കി കൂടെയുള്ള കഴുകൻ കണ്ണുകൾ അതാണല്ലോ ഇന്നിൻ്റെ ബിസ്സിനസ് തത്വം.

തിരക്കുപിടിച്ച ആ നഗരത്തിൻ്റെ ഫൂട്ട്പാത്തുകളിലും , വഴിയോരങ്ങളിലെ മദ്യഷോപ്പുകളിലും അലഞ്ഞു നടക്കുന്ന ഡേവിഡിനെ പലരും കണ്ടതായ് ഭാവിക്കുന്നില്ല , ചിലർ ഒന്നു നോക്കി അതിശയത്തോടെ നടന്നു നീങ്ങുന്നു,അടുപ്പമുള്ള ചുരുക്കം ചിലർ ആ കൈ പിടിച്ചു വീട്ടിൽ ആക്കാൻ ശ്രമിച്ചു ,അപ്പോഴും അവൻ്റെ ധഷ്ട്യവും ,ചീത്തവിളികളും കേട്ട് അവർക്കും മടുത്തു…..
ഒടുവിൽ പൂർണ്ണമായും ഡേവിഡ് എന്ന മനുഷ്യൻ അവിടെ തീരുകയായിരുന്നു .

ഒന്നുമല്ലാതിരുന്ന തന്നെ സ്നേഹവും, വിദ്യാഭ്യാസമെന്ന ഫലപുഷ്ടമായ വളവും നൽകി വളർത്തിയവരെ തൻ്റെ ഉദയത്തിൽ മറന്നെന്നുമാത്രമല്ല അവരെ തിരിഞ്ഞു നോക്കാൻ പോലും കൂട്ടാക്കിയില്ല .

അന്നമ്മയും , പിള്ളേരും ഇന്നും ഡേവിഡ് വരുമെന്ന് വിശ്വസിച്ച് അവനായ് കുരിശു വരച്ചു പ്രാർത്ഥിക്കുന്നു , ഏതെങ്കിലും ഒരു രാത്രി തങ്ങളുടെ ഡേവിഡ് “മമ്മീ… പപ്പാ”… ന്ന് വിളിച്ചു, കതകിൽ മുട്ടുന്നതും കാത്ത് അവരങ്ങനെ പ്രതീക്ഷയോടെ ജീവിക്കുന്നു ……

മറ്റൊരു ലോകത്ത് സ്വബോധം വരെ നഷ്ടപ്പെട്ട് ഡേവിഡ് ജെയിംസ് എന്ന സ്വാർത്ഥനായ പച്ച മനുഷ്യൻ അസ്തമിച്ചില്ലാതാവുന്നു……

 

 

ലേഖകൻ: ഷമീം നിലമ്പൂർ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us