ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (KSRTC) ‘ഐരാവത് ക്ലബ് ക്ലാസ്’ ലക്ഷ്വറി ബസുകളിൽ യാത്ര ചെയ്യുന്ന ആരുടെയും കണ്ണിലുടക്കുന്ന ഒന്നാണ് ഒരു സ്ട്രോളറിൽ ശാന്തമായി ഉറങ്ങുന്ന കുഞ്ഞിന്റെ ചിത്രം. യാത്രക്കാർക്ക് സുഖകരവും തടസ്സമില്ലാത്തതുമായ യാത്ര വാഗ്ദാനം ചെയ്തുകൊണ്ട് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഈ പരസ്യപ്രചാരണം, രണ്ടു പതിറ്റാണ്ടോളമായിട്ടും ഇന്നും ജനമനസ്സുകളിൽ ഒട്ടും മങ്ങലേൽക്കാതെ തുടരുകയാണ്.
ആശയം ലളിതം, സന്ദേശം വ്യക്തം
പ്രശസ്ത പരസ്യ ഏജൻസിയായ ഒഗിൽവി & മാത്തർ (Ogilvy & Mather) ആണ് മൾട്ടി ആക്സിലർ ബസുകളുടെ സുഖകരമായ യാത്രയെ പ്രതിനിധീകരിച്ച് ‘Sleep like a baby with multi-axle comfort’ (കുഞ്ഞിനെപ്പോലെ സുഖമായി ഉറങ്ങാം) എന്ന ആശയത്തിന് രൂപം നൽകിയത്. പരമ്പരാഗത രീതിയിലുള്ള വലിയ ബോർഡുകൾക്ക് പകരം ഓടുന്ന ബസിനെ തന്നെ ഒരു പരസ്യമാക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ചിന്ത. ഈ ആശയം യാഥാർത്ഥ്യമാക്കിയത് ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വാണിജ്യ ഫോട്ടോഗ്രാഫറായ സെന്തിൽ കുമാർ മുരുഗാനന്ദനാണ്. ബസ് റോഡിലൂടെ പോകുമ്പോൾ നിമിഷനേരം കൊണ്ട് ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ ഇതിലെ ചിത്രത്തിന് കഴിഞ്ഞു.
ഫോട്ടോയെടുക്കാൻ കാത്തിരുന്ന നിമിഷങ്ങൾ
പൊതുവെ പരസ്യചിത്രീകരണങ്ങൾക്ക് ദിവസങ്ങളോളം നീളുന്ന പ്ലാനിംഗ് വേണമെങ്കിലും ഈ ചിത്രം വളരെ പെട്ടെന്നാണ് ക്യാമറയിൽ പകർത്തിയത്. എന്നാൽ കുഞ്ഞുങ്ങളെ ഫോട്ടോയെടുക്കുമ്പോൾ നേരിടുന്ന സാധാരണ പ്രതിസന്ധി ഇവിടെയും സെന്തിലിന് നേരിടേണ്ടി വന്നു. സ്റ്റുഡിയോയിൽ എത്തിയപ്പോൾ കുട്ടി ഉറങ്ങുന്നുണ്ടായിരുന്നില്ല. അമ്മ പാൽ കൊടുത്ത് കുട്ടിയെ ഉറക്കിയ ശേഷമാണ് ചിത്രീകരണം സാധ്യമായത്.
സ്ട്രോളറിലെ കുഞ്ഞിന്റെ കിടപ്പും ബസിന്റെ ഘടനയും കൃത്യമായി സമന്വയിപ്പിക്കാൻ പ്രത്യേക ശ്രദ്ധ നൽകിയിരുന്നു. സ്ട്രോളറിന്റെ വീലിന്റെ ആകൃതി ബസിന്റെ ചലനവുമായി ദൃശ്യപരമായി ബന്ധപ്പെട്ടിരിക്കുന്നു. ഒപ്പം Brown Teddy Bear, Yellow Rubber Duck എന്നിവ നൽകി ഒരു കുട്ടിയുടെ സ്വാഭാവികമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
കന്നി സർവീസ് ബെംഗളൂരു-തിരുപ്പതി റൂട്ടിൽ
2010 നവംബർ 25-നാണ് ഈ പരസ്യം ഉൾപ്പെടുത്തിയ ആദ്യ ഐരാവത് ക്ലബ് ക്ലാസ് ബസ് (KA-01-F-9133) ബെംഗളൂരു-തിരുപ്പതി റൂട്ടിൽ സർവീസ് ആരംഭിച്ചത് എന്ന് കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ആ ചിത്രത്തിന്റെ ജനപ്രീതിക്ക് തെല്ലും കുറവ് വന്നിട്ടില്ല. അടുത്തിടെ സെന്തിൽ കുമാർ ഈ ബസിന്റെ ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചപ്പോൾ നാല് ലക്ഷത്തോളം ആളുകളാണ് അത് കണ്ടത്.
ആരാണ് ആ കുട്ടി?
വർഷങ്ങൾക്കിപ്പുറവും ജനങ്ങൾക്കിടയിൽ ശേഷിക്കുന്ന പ്രധാന ചോദ്യം ആ ചിത്രത്തിലുള്ള കുട്ടി ആരാണ് എന്നതാണ്. എന്നാൽ ചിത്രീകരണത്തിന് ശേഷം ആ കുട്ടിയെക്കുറിച്ച് കൂടുതൽ വിവരങ്ങളോ ബന്ധപ്പെടാനുള്ള വഴികളോ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ഫോട്ടോഗ്രാഫർ സെന്തിൽ കുമാർ പറയുന്നു. കൂടാതെ, കാലങ്ങൾ കഴിഞ്ഞപ്പോൾ ചിത്രത്തിന്റെ വ്യക്തത കുറഞ്ഞിട്ടുണ്ടെന്നും അതിനാൽ ഒറിജിനൽ ഹൈ-റെസല്യൂഷൻ ചിത്രം തന്നെ തുടർന്നും ഉപയോഗിക്കണമെന്ന് അദ്ദേഹം കെ.എസ്.ആർ.ടി.സിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
എത്ര പുതിയ ആശയങ്ങൾ വന്നാലും ആളുകളുടെ മനസ്സിൽ പതിഞ്ഞ ഇത്തരം ചിത്രങ്ങൾ മാറ്റേണ്ടതില്ലെന്നും, ആശയത്തിന്റെ ലളിതത്വവും വൈകാരികമായ ബന്ധവുമാണ് ഈ പരസ്യത്തിന്റെ വിജയത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
