ആവശ്യത്തിന് ഉറങ്ങിയാലും വല്ലാത്ത തളർച്ച; ബെംഗളൂരുവിൽ ഐ.ടി ജീവനക്കാരെയും യുവാക്കളെയും പിടിമുറുക്കി ‘നോൺ-റസ്റ്റോറേറ്റീവ് സ്ലീപ്പ്’

ബെംഗളൂരു: എട്ട് മണിക്കൂർ കൃത്യമായി ഉറങ്ങിയാലും രാവിലെ എഴുന്നേൽക്കുമ്പോൾ കടുത്ത ക്ഷീണം, തലച്ചോറിന് മന്ദത, ഉന്മേഷക്കുറവ്… ബംഗളൂരുവിൽ പ്രത്യേകിച്ച് ഐ.ടി ജീവനക്കാരിലും യുവാക്കളിലും ഇത്തരത്തിലുള്ള പരാതികൾ വർധിച്ചുവരുന്നതായി ആരോഗ്യവിദഗ്ധർ. നഗരത്തിലെ പ്രധാന ആശുപത്രികളിൽ ഇത്തരം ലക്ഷണങ്ങളുമായി ആഴ്ചയിൽ 10 മുതൽ 15 വരെ ആളുകളാണ് ചികിത്സ തേടിയെത്തുന്നത്. ആവശ്യത്തിന് സമയം ഉറങ്ങാൻ ലഭിക്കുന്നുണ്ടെങ്കിലും ഉറക്കത്തിന്റെ ഗുണനിലവാരം (Quality of Sleep) കുറയുന്നതാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണമാകുന്നത്.

വൈകിട്ടുള്ള ഡിജിറ്റൽ സ്‌ക്രീനുകളുടെ ഉപയോഗം, ക്രമം തെറ്റിയ ഉറക്കരീതി, സ്ലീപ്പ് ആപ്നിയ പോലെയുള്ള തിരിച്ചറിയപ്പെടാത്ത രോഗങ്ങൾ, ജോലിയിലെ സമ്മർദം എന്നിവയാണ് ആളുകളുടെ സ്വാഭാവിക ഉറക്കത്തെ തടസ്സപ്പെടുത്തുന്നത്. മനുഷ്യ ശരീരത്തിലെ ജൈവഘടികാരത്തിന് (Circadian Rhythm) വിപരീതമായി രാത്രി വൈകിയും എൽ.ഇ.ഡി സ്‌ക്രീനുകളും മൊബൈൽ ഫോണുകളും ഉപയോഗിക്കുമ്പോൾ, ഉറക്കത്തിന് സഹായിക്കുന്ന മെലാടോണിൻ ഹോർമോണിന്റെ ഉത്പാദനം തലച്ചോറിൽ തടസ്സപ്പെടുന്നു. ഇതോടെ അർധരാത്രി 1, 2 മണി സമയങ്ങളിലേക്ക് ഉറക്കം നീണ്ടുപോകുകയും ശരീരത്തിനും നാഡീവ്യൂഹത്തിനും ആവശ്യമായ ആഴത്തിലുള്ള ഉറക്കം (Deep Non-REM Sleep) ലഭിക്കാതെ വരികയും ചെയ്യുന്നു.

ജോലി സമ്മർദവും തൊഴിൽ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകളും കാരണം കിടപ്പറയിലും ഓഫീസ് കാര്യങ്ങൾ ചിന്തിക്കുന്നതും സ്ഥിതി വഷളാക്കുന്നുണ്ട്. ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കാതിരിക്കുന്നത് വ്യക്തികളുടെ കാര്യക്ഷമതയെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും. അതുകൊണ്ടുതന്നെ കൃത്യമായ സ്ലീപ്പ് റുട്ടീൻ പിൻതുടരേണ്ടത് അത്യാവശ്യമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.

അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

  • ഉറക്കത്തിൽ കനത്ത ഒച്ചയിലുള്ള കൂർക്കംവലിയും ശ്വാസം തടസ്സപ്പെടലും

  • മതിയത്ര ഉറങ്ങിയാലും മാറാത്ത രാവിലത്തെ കടുത്ത തളർച്ച

  • പകല സമയം മുഴുവൻ അനുഭവപ്പെടുന്ന കടുത്ത ഉറക്കം തൂങ്ങൽ

  • ശ്രദ്ധക്കുറവ്, ഓർമ്മക്കുറവ്, തലച്ചോറിലെ മന്ദത

  • ഡ്രൈവിംഗിനിടയിലോ ട്രാഫിക്കിലോ മീറ്റിംഗുകളിലോ ഇരിക്കുമ്പോൾ ഉറങ്ങിപ്പോവുക

നല്ല ഉറക്കം ഉറപ്പാക്കാൻ വഴികൾ

  • എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങാനും 7-8 മണിക്കൂർ ഉറക്കം ഉറപ്പാക്കാനും ശ്രദ്ധിക്കുക

  • ഉറങ്ങുന്നതിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും ഫോൺ, ടിവി, ലാപ്‌ടോപ്പ് എന്നിവ മാറ്റിവെക്കുക

  • കിടക്കാൻ നേരം ചായ, കാപ്പി, മദ്യം, മധുരപലഹാരങ്ങൾ തുടങ്ങിയവ ഒഴിവാക്കുക

  • ജോലി കഴിഞ്ഞ് ഉറങ്ങാൻ പോകുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പെങ്കിലും മനസ്സിനെ പൂർണ്ണമായി വിശ്രമിക്കാൻ അനുവദിക്കുക

  • കിടപ്പുമുറി നിശബ്ദവും വെളിച്ചം കുറഞ്ഞതും മറ്റ് ശല്യങ്ങളില്ലാത്തതുമായി സൂക്ഷിക്കുക

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts