ബെംഗളൂരു : നെലമംഗലയ്ക്ക് സമീപം മദനായകനഹള്ളിയിൽ അഞ്ച് മാസം പ്രായമുള്ള നായ്ക്കുട്ടിക്ക് എയർഗൺ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ കൺവ ലേഔട്ട് സ്വദേശിയായ എസ്. കൃഷ്ണമൂർത്തി (65) എന്നയാൾക്കെതിരെ മദനായകനഹള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ, തന്റെ വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ എത്തിയ തെരുവ് നായ്ക്കളുടെ കൂട്ടത്തിന് നേരെ പേടിപ്പിക്കാൻ വേണ്ടിയാണ് വെടിവെച്ചതെന്നും നായ്ക്കുട്ടിക്ക് പരിക്കേറ്റതിൽ ക്ഷമ ചോദിക്കുന്നുവെന്നും ഇയാൾ പിന്നീട് പോലീസിനോട് വ്യക്തമാക്കി.
സെപ്റ്റംബർ 20-നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദേശത്തെ മൃഗസ്നേഹികളായ സിന്ധു, സഹാന എന്നിവർ നായ്ക്കൾക്ക് തീറ്റ നൽകുന്ന സ്ഥലത്തിന് സമീപം കൃഷ്ണമൂർത്തി എയർഗണ്ണുമായി നിൽക്കുന്നത് കാണുകയായിരുന്നു. ഇതേസമയം തന്നെ അവിടെയുണ്ടായിരുന്ന നായ്ക്കുട്ടിയുടെ കഴുത്തിൽ നിന്ന് രക്തം വാർന്നു ഒഴുകുന്നതും ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഇവർ നായ്ക്കുട്ടിയെ ഓട്ടോറിക്ഷയിൽ അടുത്തുള്ള വെറ്ററിനറി ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കി.
കൃഷ്ണമൂർത്തിയുടെ വീടിനോട് ചേർന്നുള്ള പറമ്പിൽ കോഴി, ആട് തുടങ്ങിയ വളർത്തുമൃഗങ്ങളെ വളർത്തുന്നുണ്ട്. തെരുവ് നായ്ക്കളുടെ ആക്രമണം തടയാൻ ഇയാൾ അതിർത്തിയിൽ വേലി കെട്ടിയിട്ടുണ്ടായിരുന്നു. സംഭവദിവസം വേലിക്ക് സമീപം നായ്ക്കളുടെ കൂട്ടം നിൽക്കുന്നത് കണ്ടപ്പോൾ അവ ഉള്ളിൽ കടന്ന് വളർത്തുമൃഗങ്ങളെ ഉപദ്രവിക്കുമോ എന്ന് ഭയന്നാണ് അകലെ നിന്ന് വെടിവെച്ചതെന്നാണ് ഇയാൾ പോലീസിന് നൽകിയ വിശദീകരണം. സംഭവ സ്ഥലത്തുവെച്ച് മൃഗസ്നേഹികളും കൃഷ്ണമൂർത്തിയും തമ്മിൽ കടുത്ത വാക്കുതർക്കവും ഉണ്ടായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
