അസമിലെ ഗുവാഹത്തി സർവകലാശാല വിദ്യാർത്ഥിനിയെ ഹോംസ്റ്റേയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗുവാഹത്തി സർവകലാശാലയിലെ സോഷ്യോളജി വിദ്യാർത്ഥിനിയും ധാരാപൂർ സ്വദേശിയുമായ നിമിഷ തകുരിയ (22) ആണ് മരിച്ചത്. സംഭവത്തിൽ പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന ആഷിക് അലി (26) എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മകളുടെ മരണത്തിൽ വൻ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും നിമിഷയുടെ കുടുംബം ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ഹോസ്റ്റലിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് നിമിഷ വീട്ടിൽ നിന്ന് ഇറങ്ങിയത്. രാത്രി സുഹൃത്തുക്കൾക്കൊപ്പം ഉണ്ടാകുമെന്ന് രാത്രി പത്ത് മണിയോടെ വീട്ടിലേക്ക് വിളിച്ച് സംസാരിച്ചിരുന്നു. എന്നാൽ പുലർച്ചെ രണ്ട് മണിയോടെ കരഞ്ഞുകൊണ്ട് നിമിഷ അമ്മയെ വീണ്ടും ഫോണിൽ വിളിച്ചു. താൻ ആക്രമിക്കപ്പെട്ടെന്നും നെഞ്ചിൽ ഇടിച്ചതിനാൽ കടുത്ത വേദനയുണ്ടെന്നും പെൺകുട്ടി അമ്മയോട് പറഞ്ഞു. ഇതിന് ശേഷം കുടുംബം തിരികെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ കണക്റ്റ് ആയില്ല.
ഉടൻ തന്നെ കുടുംബം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. അന്വേഷണത്തിൽ ഗുവാഹത്തിയുടെ പ്രാന്തപ്രദേശത്തുള്ള ഒരു ഹോംസ്റ്റേയിൽ പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഈ മാസം ഇരുവരും അഞ്ച് തവണ ഇതേ ഹോംസ്റ്റേയിൽ തങ്ങിയിരുന്നതായും കൃത്യമായ രേഖകൾ പരിശോധിക്കാതെയാണ് ഹോംസ്റ്റേ അധികൃതർ മുറി നൽകിയതെന്നും പോലീസ് വ്യക്തമാക്കി. പുലർച്ചെ മൂന്ന് മണിയോടെ യുവാവിന്റെ നിലവിളി കേട്ട് ചെന്നപ്പോഴാണ് പെൺകുട്ടിയെ തറയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടതെന്ന് ജീവനക്കാർ പറഞ്ഞു. ഫോറൻസിക് സംഘവും സി.ഐ.ഡിയും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു.
