ബെംഗളൂരു: കേരള സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി) പേരാവൂർ, നെടുംപൊയിൽ വഴി പുതുതായി ആരംഭിക്കുന്ന ബെംഗളൂരു–തലശ്ശേരി സ്വിഫ്റ്റ് ഡീലക്സ് ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് ഇന്ന് നടക്കും. രാവിലെ 10 മണിക്ക് പേരാവൂരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സണ്ണി ജോസഫ് സർവീസിന്റെ ഉദ്ഘാടനം നിർവഹിക്കും. യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാകുന്ന ഈ പുതിയ ഡീലക്സ് ബസ് സർവീസിന് 663 രൂപയാണ് ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിരിക്കുന്നത്.
സർവീസ് സമയക്രമവും പ്രധാന സ്റ്റോപ്പുകളും
ബെംഗളൂരുവിൽ നിന്നുള്ള സർവീസ് രാത്രി 9.45-ന് സാറ്റലൈറ്റ് ബസ് ടെർമിനലിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 12.06-ന് മൈസൂരുവിലും, 1.11-ന് ഹുൻസൂരിലും, 2.31-ന് വിരാജ്പേട്ടയിലുമെത്തും. തുടർന്ന് ഇരിട്ടി (3.26), പേരാവൂർ (3.56), നെടുംപൊയിൽ (4.16), കൂത്തുപറമ്പ് (5.01) വഴി രാവിലെ 5.21-ന് ബസ് തലശ്ശേരിയിൽ സർവീസ് അവസാനിപ്പിക്കും.
മടക്ക സർവീസ് രാത്രി 9 മണിക്ക് തലശ്ശേരിയിൽ നിന്ന് ആരംഭിച്ച് 9.25-ന് കൂത്തുപറമ്പിലും, 10.05-ന് നെടുംപൊയിലിലും, 10.25-ന് പേരാവൂരിലുമെത്തും. തുടർന്ന് ഇരിട്ടി (10.50), കൂട്ടുപുഴ (11.15), ഹുൻസൂർ (12.55), മൈസൂരു (1.45) വഴി പുലർച്ചെ 4.25-ഓടെ ബസ് ബെംഗളൂരു സാറ്റലൈറ്റ് ബസ് ടെർമിനലിൽ എത്തിച്ചേരും.
