ചെന്നൈ: ബെംഗളൂരു-ചെന്നൈ യാത്രാസമയം കുറയ്ക്കുമെന്ന് പ്രതീക്ഷിച്ച നിർദിഷ്ട എക്സ്പ്രസ് വേ പദ്ധതിയിലെ പ്രവൃത്തികൾ വൈകുന്നതിൽ കടുത്ത നടപടിയുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). തമിഴ്നാട്ടിലെ അരക്കോണം – കാഞ്ചീപുരം ഭാഗത്തിന്റെ നിർമാണച്ചുമതലയുണ്ടായിരുന്ന കരാറുകാരന്റെ കരാർ NHAI റദ്ദാക്കി. പ്രവൃത്തികൾ കൃത്യസമയത്ത് പൂർത്തിയാക്കാത്തതിനെ തുടർന്നാണ് നടപടി. ഇതോടെ പാത പൂർണമായി തുറന്നുനൽകുന്നത് ഇനിയും വൈകുമെന്നുറപ്പായി.
അരക്കോണം മുതൽ കാഞ്ചീപുരം വരെയുള്ള 25.5 കിലോമീറ്റർ ഭാഗമാണ് നിലവിൽ പദ്ധതിയുടെ പൂർത്തീകരണത്തിന് പ്രധാന തടസ്സമായി നിൽക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി 2025 മേയിൽ കരാറുകാരൻ നിർമാണം നിർത്തിവെക്കുകയായിരുന്നു. ഇതുവരെ ഈ ഭാഗത്ത് 53 ശതമാനം നിർമാണം മാത്രമാണ് പൂർത്തിയായത്. ബാക്കിയുള്ള 14.47 കിലോമീറ്റർ ഭാഗത്തെ ജോലികൾ ഇനിയും പൂർത്തീകരിക്കാനുണ്ട്.
നിലച്ചുകിടക്കുന്ന ഈ നിർമാണം പൂർത്തിയാക്കുന്നതിനായി 633.12 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പുതിയ ടെൻഡർ NHAI ക്ഷണിച്ചിട്ടുണ്ട്. പുതിയ കരാറുകാരന് പണി പൂർത്തിയാക്കാൻ 18 മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. നിർമാണത്തിന് ശേഷം അഞ്ച് വർഷത്തെ പരിപാലന ചുമതലയും പുതിയ കരാറിന്റെ ഭാഗമായിരിക്കും. സെപ്റ്റംബർ ഒന്ന് മുതൽ ലഭ്യമാക്കിയിട്ടുള്ള ടെൻഡർ രേഖകൾ പ്രകാരം സെപ്റ്റംബർ 28 വരെ കമ്പനികൾക്ക് ബിഡ് സമർപ്പിക്കാം. സെപ്റ്റംബർ 29-നാണ് ബിഡുകൾ തുറക്കുക.
ഏകദേശം 260 കിലോമീറ്റർ ദൈർഘ്യമുള്ള എക്സ്പ്രസ് വേയുടെ വലിയൊരു ഭാഗവും ഇതിനകം പൂർത്തിയായിട്ടുണ്ട്. കർണാടകയിലെ പാത പൂർണമായും പ്രവർത്തനസജ്ജമാണ്. ആന്ധ്രാപ്രദേശിലെയും തമിഴ്നാട്ടിലെയും ഭൂരിഭാഗം മേഖലകളിലും നിർമാണം അവസാന ഘട്ടത്തിലുമാണ്. എന്നാൽ അരക്കോണം – കാഞ്ചീപുരം ഭാഗത്തെ അനിശ്ചിതത്വം കാരണം മുഴുവൻ എക്സ്പ്രസ് വേയും ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ കഴിയില്ല. പുതിയ കരാറിലൂടെ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കി പദ്ധതി വേഗത്തിൽ യാഥാർഥ്യമാക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ.വൈകും; കാരണം അറിയാൻ വായിക്കാം
