വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക

ബെംഗളൂരു: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ കൃത്യസമയത്ത് ജീവനക്കാർ ഹാജരാകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കർശന നടപടികളുമായി കർണാടക സർക്കാർ. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും വൈകിയെത്തലും ഹാജരില്ലായ്മയും പൂർണ്ണമായി തടയുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യയുടെ സഹായമാണ് സർക്കാർ തേടിയിരിക്കുന്നത്. എല്ലാ സർക്കാർ ജീവനക്കാരും ഉദ്യോഗസ്ഥരും ദിവസവും രാവിലെ 10 മണിക്ക് മുൻപായി ഓഫീസുകളിൽ നിർബന്ധമായും ഹാജരാകണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞദിവസം നടന്ന യോഗത്തിൽ കർശന നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി ശാലിനി രജനീഷ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്.

സർക്കാർ ജീവനക്കാരുടെ ഹാജർ ഡിജിറ്റൈസ് ചെയ്യുന്നതിനായി ഇ-ഗവേണൻസ് വകുപ്പ് രൂപം നൽകിയ ‘കാംസ്’ (KAAMS) എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. നിലവിൽ സംസ്ഥാനത്തെ എല്ലാ ജീവനക്കാരുടെയും വിവരങ്ങൾ ഉൾക്കൊള്ളുന്ന എച്ച്.ആർ.എം.എസ് (HRMS) സോഫ്റ്റ്‌വെയറുമായി ഈ ആപ്പ് ബന്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ ഭൂരിഭാഗം ജീവനക്കാരും ഈ ആപ്പ് കൃത്യമായി ഉപയോഗിക്കുന്നില്ല എന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ നടപടി. ഉത്തരവ് പ്രകാരം അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ജില്ലാതല മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരും രാവിലെ 10 മണിക്ക് മുൻപായി ആപ്പിൽ പ്രവേശിച്ച് ഹാജർ (ചെക്ക് ഇൻ) രേഖപ്പെടുത്തേണ്ടത് നിർബന്ധമാക്കിയിട്ടുണ്ട്. വൈകുന്നേരം ഓഫീസ് സമയം കഴിയുമ്പോൾ ചെക്ക് ഔട്ടും ചെയ്യണം.

  ബെംഗളൂരുവിൽ വീണ്ടും പ്രളയഭീതി; എച്ച്.ബി.ആർ ലേഔട്ടിൽ പരിഹാരമില്ലാതെ ദുരിതം തുടരുന്നു

വെറുമൊരു നിർദ്ദേശത്തിൽ ഒതുക്കാതെ ഇത് കർശനമായി നടപ്പിലാക്കാനാണ് ഇ-ഗവേണൻസ് വകുപ്പ് അത്യാധുനിക എ.ഐ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നത്. എല്ലാ ദിവസവും രാവിലെ കൃത്യം 10 മണിക്ക്, ആപ്പിൽ ഹാജർ രേഖപ്പെടുത്താത്ത ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ജില്ലാ തിരിച്ചുള്ളതും ഓഫീസ് തിരിച്ചുള്ളതുമായ കൃത്യമായ റിപ്പോർട്ട് ഈ എ.ഐ സോഫ്റ്റ്‌വെയർ സ്വയമേവ തയ്യാറാക്കും. തുടർന്ന് ഈ റിപ്പോർട്ട് അതത് വകുപ്പ് മേധാവികളുടെ വ്യക്തിഗത ലോഗിൻ ഡാഷ്‌ബോർഡിലേക്ക് നേരിട്ട് കൈമാറുകയും ചെയ്യും. വകുപ്പ് മേധാവികൾ ദിവസവും ഈ ഡാഷ്‌ബോർഡ് പരിശോധിച്ച്, കൃത്യസമയത്ത് ഹാജരാകാത്ത ജീവനക്കാർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് ഉൾപ്പെടെയുള്ള ഉചിതമായ അച്ചടക്ക നടപടികൾ ഉടനടി സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

  കക്ക ശേഖരിക്കാനിറങ്ങിയ എട്ടുപേർ പുഴയിൽ മുങ്ങിമരിച്ചു; അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധാരമയ്യ

അതേസമയം ഔദ്യോഗിക ആവശ്യങ്ങൾക്കായി യാത്രയിലോ ഫീൽഡ് ഡ്യൂട്ടിയിലോ (On Official Duty) ഉള്ള ജീവനക്കാർക്ക് ആപ്പിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ജീവനക്കാർ ആപ്പിലെ ‘ഒ.ഒ.ഡി’ (OOD) ഓപ്ഷൻ തിരഞ്ഞെടുത്ത് തങ്ങളുടെ യാത്രയുടെ ഉദ്ദേശ്യം രേഖപ്പെടുത്തി ഹാജർ ഉറപ്പാക്കണം. പിന്നീട് ബന്ധപ്പെട്ട മേലുദ്യോഗസ്ഥർ ഇത് പരിശോധിച്ച് അനുമതി നൽകും. അടിയന്തര പ്രാബല്യത്തോടെ ഉത്തരവ് നടപ്പിലാക്കാൻ ചീഫ് സെക്രട്ടറി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ആപ്ലിക്കേഷന്റെ പ്രവർത്തനത്തെക്കുറിച്ച് ജീവനക്കാർക്ക് കൂടുതൽ മനസ്സിലാക്കുന്നതിനായി യൂട്യൂബിൽ ‘കർതവ്യ (KAAMS) APP’ എന്ന പേരിൽ വിശദമായ മാർഗ്ഗനിർദ്ദേശ വീഡിയോയും ലഭ്യമാക്കിയിട്ടുണ്ട്. പുതിയ എ.ഐ സംവിധാനം വരുന്നതോടെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനക്ഷമത വർദ്ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

  കുറഞ്ഞ വിലയിൽ കേരള സർക്കാർ മദ്യം 'മിന്നൽ മാജിക്' ഉടൻ വിപണിയിലേക്ക്; ഒരു കുപ്പി വില അറിയാൻ വായിക്കാം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us