ബെംഗളൂരു നഗരത്തിൽ ആധുനിക ട്രാം സംവിധാനം നിർദേശിച്ച് എംപി തേജസ്വി സൂര്യ. താമസസ്ഥലം, മെട്രോ സ്റ്റേഷനുകൾ, അവസാന ലക്ഷ്യസ്ഥാനങ്ങൾ എന്നിവയ്ക്കിടയിലുള്ള യാത്ര പ്രശ്നമങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് നിർദേശം.
പദ്ധതിയുടെ സാധ്യത പഠനം രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്നും നിലവിലുള്ള ഗതാഗതക്കുരുക്കിന് ഒരു പുതിയ പരിഹാരമായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാറുകൾക്ക് പകരം ട്രാമുകൾ ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, റോഡുകളിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും യാത്രക്കാരുടെ സമയം ലാഭിക്കാനും ഈ സംവിധാനത്തിന് സാധിക്കും.
വായു മലിനീകരണം ഒരു വലിയ ആശങ്കയായി മാറിക്കൊണ്ടിരിക്കുന്ന ബെംഗളൂരുവിൽ ട്രാമുകൾ ഒരു പരിസ്ഥിതി സൗഹൃദ ഓപ്ഷൻ കൂടിയാണ്. വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ, ഇവയ്ക്ക് പുകയില്ല. ഇത് നഗരത്തിലെ കാർബൺ മലിനീകരണം കുറയ്ക്കാൻ സഹായിക്കും. ബെംഗളൂരുവിൻ്റെ സുസ്ഥിര ഗതാഗത ആവശ്യങ്ങളുമായി ഏറെ യോജിച്ച സംവിധാനം തന്നെയാണ് ട്രാം.
മൊബിലിറ്റി സിമ്പോസിയം – 2025-ൽ സംസാരിക്കുകയായിരുന്നു എംപി തേജസ്വി സൂര്യ. മറ്റ് ആഗോള നഗരങ്ങളിലേതുപോലെ ബെംഗളൂരുവിലും ട്രാം സർവീസ് ആരംഭിക്കാൻ കുറച്ചുകാലം മുമ്പ് കേന്ദ്രത്തിന് ഒരു നിർദ്ദേശം സമർപ്പിച്ചിരുന്നു. ഗതാഗതക്കുരുക്ക് പതിവായ സ്ഥലങ്ങളിലായിരിക്കും ഈ പഠനം നടത്തുക. അനുമതി ലഭിക്കുകയാണെങ്കിൽ, കേന്ദ്രം പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്താണ് ട്രാം സർവ്വീസ്?
വൈദ്യുതോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഒരു റെയിൽ അധിഷ്ഠിത പൊതുഗതാഗത വാഹനമാണ് ട്രാം. നഗരപ്രദേശങ്ങളിൽ ജനങ്ങൾക്ക് വിശ്വസനീയവും പരിസ്ഥിതി സൗഹൃദവുമായ യാത്രാമാർഗ്ഗം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മെട്രോ സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ട്രാമുകൾ നിരത്തിലൂടെയാണ് സഞ്ചരിക്കുന്നത്.
ബസ്സുകളേക്കാൾ കൂടുതൽ യാത്രക്കാരെ വഹിക്കുമെങ്കിലും മെട്രോകളെ അപേക്ഷിച്ച് കുറഞ്ഞ ആളുകളെയാണ് ട്രാമുകൾക്ക് ഉൾക്കൊള്ളാൻ സാധിക്കുക. കടുത്ത ഗതാഗതക്കുരുക്ക് നേരിടുന്ന ബെംഗളൂരുവിനെ സംബന്ധിച്ചിടത്തോളം ഒരു ട്രാം സംവിധാനം വലിയ ഗുണകരമാകും.
നഗരത്തിലെ റോഡുകളിൽ, പ്രത്യേകിച്ച് തിരക്കുള്ള സമയങ്ങളിൽ, ഗതാഗതക്കുരുക്ക് പതിവാണ്.പ്രത്യേക പാതകളിലൂടെ സഞ്ചരിക്കുന്ന ട്രാമുകൾക്ക് ഈ ഗതാഗതക്കുരുക്കുകൾ ഒഴിവാക്കി വേഗത്തിലും കൃത്യമായും യാത്രാസൗകര്യം ഉറപ്പാക്കാൻ സാധിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]