ബെംഗളൂരു: മൈസൂരു നഞ്ചൻഗുഡ് താലൂക്കിലെ ഇമ്മാവിൽ ഫിലിം സിറ്റി പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കമായി.
ഫിലിം സിറ്റി പദ്ധതിക്കായി കണ്ടെത്തിയ 160 ഏക്കർ സ്ഥലത്ത് 110 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശപ്രകാരം, ടെൻഡർ നടപടികൾ പൂർത്തിയാക്കിയ ശേഷം ചുറ്റുമതിൽ നിർമിക്കുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കംകുറിച്ചത്.
7.10 കോടി രൂപ ചെലവിൽ, 3.6 കിലോമീറ്റർ നീളമുള്ള ചുറ്റുമതിലാണ് നിർമിക്കുന്നത്. അഞ്ച് അടി ഉയരമുള്ള മതിലിന് മുകളിൽ ഒന്നര അടിയിൽ സോളാർ വേലിയും സ്ഥാപിക്കും.
ഏഴ് മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാനാണ് കരാറുകാരന് നൽകിയ നിർദേശം.
പദ്ധതിക്കായി കണ്ടെത്തിയ ബാക്കിയുള്ള 50 ഏക്കർ ഭൂമി പിന്നീട് ഏറ്റെടുത്ത് നിർമാണം പൂർത്തിയാക്കും. അതിർത്തി ജോലികൾ പൂർത്തിയായിക്കഴിഞ്ഞാൽ, ഫിലിം സിറ്റിയുടെ തറക്കല്ലിടൽ നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടിവ് എൻജിനീയർ സിദ്ധരാജു വ്യതമാക്കി.
