ബംഗളൂരു: ‘കൈവശമുള്ള പുസ്തകങ്ങൾ മറ്റുള്ളവർക്ക് വായിക്കാൻ നൽകാൻ സാധിച്ചില്ലെങ്കിൽ പിന്നെ അതിൽ എന്ത് അർത്ഥമാണുള്ളത്’ എന്ന ചോദ്യവുമായി നഗരത്തിൽ സൗജന്യ ഓൺലൈൻ ലൈബ്രറി തുറന്ന് 26-കാരിയായ അധ്യാപിക മേഥർ (Mather). ‘ഓപ്പൺ ഹൗസ് ലൈബ്രറി’ (Open House Library) എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം തുറന്ന് ഒരു മാസം തികയുന്നതിന് മുൻപ് തന്നെ വായനാപ്രേമികളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. ബാല്യകാലത്തെ വായനാനുഭവങ്ങളും ആഗ്രഹങ്ങളുമാണ് ഇത്തരമൊരു സൗജന്യ ലൈബ്രറി എന്ന ആശയത്തിലേക്ക് മേഥറിനെ എത്തിച്ചത്.
സ്കൂൾ പഠനകാലത്ത് ആവശ്യത്തിന് പുസ്തകങ്ങൾ ലഭ്യമാകാതിരുന്നതിനാൽ കൂട്ടുകാർ തമ്മിൽ പരസ്പരം കൈമാറിയായിരുന്നു വായനയെന്ന് മേഥർ ഓർത്തെടുക്കുന്നു. സ്വന്തമായി പുസ്തകങ്ങൾ ശേഖരിക്കാൻ തുടങ്ങിയപ്പോൾ മുതൽ, വിലകൊടുത്തു വാങ്ങാൻ കഴിയാത്തവർക്കായി അവ ലഭ്യമാക്കണമെന്ന ആഗ്രഹം മനസ്സിലുണ്ടായിരുന്നു. നിലവിൽ അഞ്ഞൂറോളം വ്യത്യസ്ത പുസ്തകങ്ങളാണ് ലൈബ്രറിയുടെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ളത്. പ്രണയവും ഫാന്റസിയും നിറഞ്ഞ സാധാരണ പുസ്തകങ്ങൾക്ക് പകരം ലിറ്റററി ഫിക്ഷൻ, ക്ലാസിക്കുകൾ, വിവർത്തന കൃതികൾ, ഫെമിനിസ്റ്റ്, ക്വിയർ, ദളിത്-ജാതിവിരുദ്ധ സാഹിത്യങ്ങൾ എന്നിവയ്ക്കാണ് ഇവിടെ മുൻഗണന നൽകിയിരിക്കുന്നത്.
ഇന്ത്യയിൽ ലഭ്യമാകാത്തതോ അല്ലെങ്കിൽ 1,500 രൂപയിലധികം വിലവരുന്നതോ ആയ നിരവധി അപൂർവ്വ പുസ്തകങ്ങളുടെ ശേഖരവും ഈ ലൈബ്രറിയുടെ പ്രത്യേകതയാണ്. ജോർജ്ജ് ഓർവെല്ലിന്റെ ‘1984’, ഫ്രെഡറിക് ബാക്ക്മാന്റെ ‘ആങ്ഷ്യസ് പീപ്പിൾ’ തുടങ്ങിയ ജനപ്രിയ പുസ്തകങ്ങൾക്കൊപ്പം വെയ്ൻഫ്രെഡ് വാട്സന്റെ ‘മിസ് പെറ്റിഗ്രൂ ലൈവ്സ് ഫോർ എ ഡേ’, അലാന പോർട്ടെറോയുടെ സ്പാനിഷ് വിവർത്തന കൃതിയായ ‘ബാഡ് ഹാബിറ്റ്’, ഇവാ ബാൾട്ടസാർ വിവർത്തനം ചെയ്ത ‘ബോൾഡർ’ തുടങ്ങിയ അപൂർവ്വ കൃതികളും ഇവിടെ വായിക്കാം. ലൈബ്രറിയുടെ വെബ്സൈറ്റിലെ ഫോം വഴി അംഗത്വമെടുക്കുന്നവർക്ക് പുസ്തകങ്ങൾ തെരഞ്ഞെടുത്ത് ഹോൾഡ് ചെയ്യാനും, നേരിട്ടോ കൊറിയർ വഴിയോ വീടുകളിലെത്തിച്ച് വായിക്കാനും സാധിക്കും.
