പോയസ് ഗാർഡനിലെ ആഡംബര ബംഗ്ലാവിൽ 84-ാം വയസ്സിൽ കുരുന്നുകളെ ഇരയാക്കി; 70 കോടിക്ക് നീതിയെ വിലയ്ക്കുവാങ്ങിയ പ്രമുഖ വ്യവസായി അറസ്റ്റിൽ

ചെന്നൈ: ഡിഎംകെ സർക്കാരിന്റെ കാലത്ത് പൊലീസ് അന്വേഷണം അവസാനിപ്പിച്ച് എഴുതിത്തള്ളിയ പീഡനക്കേസിൽ കോടതി ഇടപെടലിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. തമിഴ്‌നാട്ടിലെ പ്രമുഖ വ്യവസായിയുടെ നേതൃത്വത്തിൽ നടന്ന ക്രൂരമായ പെൺവാണിഭവും പീഡനങ്ങളും, കേസ് ഒതുക്കിത്തീർക്കാൻ നടന്ന കോടികളുടെ പണമിടപാടുകളുമാണ് ഇപ്പോൾ വെളിച്ചത്തുവന്നിരിക്കുന്നത്. പത്തോളം പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രമുഖ ഗ്രാനൈറ്റ് സംരംഭമായ ‘ജെം ഗ്രാനൈറ്റ്സ്’ ഉടമ വീരമണി (84) ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി. കേസ് പുറത്തുവരാതിരിക്കാനും അന്വേഷണം അട്ടിമറിക്കാനുമായി ഇയാൾ ഉദ്യോഗസ്ഥർക്ക് മാത്രം 70 കോടി രൂപ കൈക്കൂലിയായി നൽകിയെന്നാണ് വിവരങ്ങൾ.

കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് അവസാനത്തോടെ വീരമണി, ഇയാളുടെ സഹായി മഹേന്ദ്ര സിംഹൻ, ഭാര്യ ശാന്തി (60) എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറ്റൊരു സഹായിയായ ഗണേശനും കഴിഞ്ഞ ദിവസം അറസ്റ്റിലായി. കോടികളുടെ പണമിടപാടിൽ ഇടനിലക്കാരനായി പ്രവർത്തിച്ച പ്രമുഖ ട്രേഡ് യൂണിയൻ നേതാവിന്റെ മകനെയും പൊലീസ് ഉടൻ വലയിലാക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് 13 വയസ്സുള്ള പെൺകുട്ടിയെ വയോധികൻ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. തുടർന്ന് സാമൂഹിക പ്രവർത്തകൻ നൽകിയ പരാതിയിൽ കേസെടുത്തെങ്കിലും, ഇരയായ പെൺകുട്ടിയെ കണ്ടെത്താനായില്ലെന്ന് കാട്ടി പൊലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ പൊലീസിന്റെ അനാസ്ഥയെ രൂക്ഷമായി വിമർശിച്ച കോടതി, കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു. തുടര്‍ന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഒന്നൊന്നായി പുറത്തുവന്നത്.

ചെന്നൈയിലെ പ്രമുഖർ താമസിക്കുന്ന പോയസ് ഗാർഡനിലെ ആഡംബര ബംഗ്ലാവിലും സ്വന്തം വീട്ടിലും പെൺകുട്ടികളെ എത്തിച്ച് പീഡിപ്പിക്കുന്നത് വീരമണിയുടെ പതിവായിരുന്നു. സന്നദ്ധ പ്രവർത്തനങ്ങളുടെ മറവിലാണ് ശാന്തി എന്ന സ്ത്രീ പെൺകുട്ടികളെ വലയിലാക്കിയിരുന്നത്. പ്രചരിച്ച വീഡിയോയിലുണ്ടായിരുന്ന പെൺകുട്ടിയെ കണ്ടെത്തി രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് വീരമണിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts