ശാസ്ത്രത്തിന് പോലുമറിയാത്ത റൂട്ടുകൾ കാണിക്കും; യാത്രക്കാരെ കറക്കി 40 കോടിയുടെ ബിഎംടിസി ഡിജിറ്റൽ ബോർഡുകൾ

ബെംഗളൂരു : ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിൽ ബസുകളുടെ സമയവിവരങ്ങളും റൂട്ടുകളും യാത്രക്കാർക്ക് കൃത്യമായി ലഭ്യമാക്കാൻ ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി) സ്ഥാപിച്ച പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം (പി.ഐ.എസ്) ഡിസ്‌പ്ലേ ബോർഡുകൾ നോക്കുക്കുത്തിയായി മാറുന്നു. പദ്ധതി നടപ്പിലാക്കി മൂന്ന് വർഷം തികയുന്നതിന് മുൻപ് തന്നെ മിക്കയിടങ്ങളിലെയും ബോർഡുകൾ തകരാറിലാവുകയോ തെറ്റായ വിവരങ്ങൾ പ്രദർശിപ്പിക്കുകയോ ചെയ്യുകയാണെന്ന് യാത്രക്കാർ ആരോപിക്കുന്നു.

കേന്ദ്ര സർക്കാരിന്റെ നിർഭയ പദ്ധതിക്ക് കീഴിൽ 40 കോടി രൂപ ചെലവഴിച്ചാണ് ബി.എം.ടി.സി നഗരത്തിലുടനീളം 500-ലധികം എൽ.ഇ.ഡി ബോർഡുകൾ സ്ഥാപിച്ചത്. ബസുകൾ എത്തുന്ന സമയം (ഇ.ടി.എ), റൂട്ട് നമ്പറുകൾ, ലക്ഷ്യസ്ഥാനം എന്നിവ തത്സമയം അറിയാൻ ഇത് യാത്രക്കാരെ സഹായിക്കുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, നിലവിൽ പല ബോർഡുകളും പ്രവർത്തനരഹിതമാണ്. പ്രവർത്തിക്കുന്നവയിലാകട്ടെ, കാണിക്കുന്ന സമയവും ബസുകൾ യഥാർത്ഥത്തിൽ എത്തുന്ന സമയവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും യാത്രക്കാർ പറയുന്നു.

ബാനർഘട്ട, രാഗിഗുഡ്ഡ, ആർ.ടി നഗർ പോസ്റ്റ് ഓഫീസ്, വസന്ത് നഗർ, ശാന്തിനഗർ, കോർപ്പറേഷൻ, ഹെന്നൂർ, യശ്വന്ത്പൂർ തുടങ്ങിയ പ്രധാന മേഖലകളിലാണ് ഈ ബോർഡുകൾ കൂടുതലായി സ്ഥാപിച്ചിരുന്നത്. രാഗിഗുഡ്ഡ ആർച്ച് ബസ് സ്റ്റോപ്പിലെ ഉൾപ്പെടെ ഡിസ്‌പ്ലേ ബോർഡുകൾ മാസങ്ങളായി അണഞ്ഞുകിടക്കുകയാണെന്ന് സ്ഥിരം യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു. ശാന്തിനഗർ പോലെയുള്ള പ്രധാന ബസ് ടെർമിനലുകളിൽ പോലും സമയവിവരങ്ങൾ കൃത്യമല്ല.

ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നടപ്പാക്കിയ ഡിജിറ്റൽ സംവിധാനം പ്രയോജനരഹിതമായതോടെ യാത്രക്കാർ മറ്റ് മാർഗ്ഗങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. അതേസമയം, തകരാറിലായ ബോർഡുകൾ അറ്റകുറ്റപ്പണി നടത്തുമോ അതോ പുതിയവ സ്ഥാപിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ ബി.എം.ടി.സി അധികൃതർ തയ്യാറായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts