വിവാഹ രജിസ്ട്രേഷന് പ്രായം തെളിയിക്കാൻ ആധാർ മാത്രം പോരാ; സബ് രജിസ്ട്രാർമാർക്ക് ബംഗളൂരു: കർണാടകയിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് പ്രായം തെളിയിക്കുന്ന ഏക രേഖയായി ആധാർ കാർഡ് സ്വീകരിക്കരുതെന്ന് സ്റ്റാമ്പ് ആൻഡ് റജിസ്ട്രേഷൻ വകുപ്പിന്റെ കർശന മുന്നറിയിപ്പ്.
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുഴുവൻ സബ് രജിസ്ട്രാർമാർക്കും വകുപ്പ് ഔദ്യോഗികമായി നിർദ്ദേശം നൽകി. ആധാർ കാർഡ് മാത്രം അടിസ്ഥാനമാക്കി വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നുവെന്ന് വ്യാപക പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. നിർദ്ദേശം ലംഘിച്ച് വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ഇനി മുതൽ വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ പ്രായം സ്ഥിരീകരിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റോ, സ്കൂൾ അധികൃതർ നൽകുന്ന ഡിക്ലറേഷൻ ലെറ്ററോ ഉദ്യോഗസ്ഥർ നിർബന്ധമായും ആവശ്യപ്പെടണം. ഇവ രണ്ടും ലഭ്യമല്ലാത്ത പ്രത്യേക സാഹചര്യങ്ങളിൽ മാത്രമായിരിക്കും പ്രായം തിട്ടപ്പെടുത്തുന്നതിനായി മെഡിക്കൽ സർട്ടിഫിക്കറ്റ് പരിഗണിക്കുക.
സംസ്ഥാനത്ത് ശൈശവ വിവാഹങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് നിർണായകമായ ഈ നടപടി. വിവാഹ രജിസ്‌ട്രേഷൻ വേളയിൽ പ്രായം തെളിയിക്കാൻ ആധാർ കാർഡോ ഇപിഐസി (EPIC) കാർഡോ മാത്രം പരിഗണിക്കുന്നത് ശൈശവ വിവാഹങ്ങൾക്ക് പരോക്ഷമായി നിയമസാധുത നൽകുന്നതിന് തുല്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ മുൻ അംഗമായ തിമ്മേസ്വാമി കെ.ടി നൽകിയ പരാതിയെത്തുടർന്നാണ് രജിസ്‌ട്രേഷൻ വകുപ്പ് ഈ ഉത്തരവിറക്കിയത്. ആധാർ കാർഡോ വോട്ടർ തിരിച്ചറിയൽ രേഖയോ മാത്രം നോക്കി പ്രായം ഉറപ്പാക്കാതെ വിവാഹം രജിസ്റ്റർ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് അദ്ദേഹം വകുപ്പിന് കത്തയച്ചിരുന്നു. പ്രായം തെളിയിക്കാൻ ആധാർ മാത്രം ഉപയോഗിക്കുന്നത് ക്രമക്കേടുകൾക്കും ശൈശവ വിവാഹങ്ങൾ വർദ്ധിക്കുന്നതിനും വഴിയൊരുക്കുമെന്ന ആശങ്ക ശക്തമായതോടെയാണ് അധികൃതരുടെ ഇടപെടൽ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]