ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന ഫ്ലൈഓവറുകളിൽ ചരക്ക് വാഹനങ്ങളുടെയും വൻകിട ട്രക്കുകളുടെയും സഞ്ചാരം നിരോധിക്കാൻ ട്രാഫിക് പോലീസ് തീരുമാനിച്ചു. നഗരത്തിലെ ഉയർത്തിയ അഞ്ച് പ്രധാന പാതകളിൽ മൂന്നെണ്ണത്തിലും കഴിഞ്ഞ 19 മാസത്തിനിടെ ആയിരത്തിലധികം ചരക്ക് വാഹനങ്ങളാണ് തകരാറിലായി ഗതാഗത തടസ്സം സൃഷ്ടിച്ചത്. ഇതേത്തുടർന്നാണ് നഗരത്തിലെ പ്രധാന ഫ്ലൈഓവറുകളിൽ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ അധികൃതർ നിർബന്ധിതരായത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം പീനിയ ഫ്ലൈഓവറിൽ മാത്രം 1,226 ചരക്ക് വാഹനങ്ങളാണ് തകരാറിലായത്. എയർപോർട്ട് റോഡ് ഫ്ലൈഓവറിൽ 1,100 സംഭവങ്ങളും മൈസൂരു റോഡിലെ ബിജിഎസ് ഫ്ലൈഓവറിൽ 1,090 സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. ഇലക്ട്രോണിക്സ് സിറ്റി, ഡബിൾ ഡെക്കർ ഫ്ലൈഓവറുകളിലും സമാനമായ രീതിയിൽ ഗതാഗത തടസ്സങ്ങൾ ഉണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.
വാണിജ്യ പ്രവർത്തനങ്ങൾ വർദ്ധിച്ചതോടെ നഗരത്തിലേക്ക് പ്രവേശിക്കുന്ന ചരക്ക് വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായത്. എന്നാൽ ഇടുങ്ങിയ ഫ്ലൈഓവറുകളിൽ ഇത്തരം വലിയ വാഹനങ്ങൾ കേടായാൽ മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായി സ്തംഭിക്കുന്ന അവസ്ഥയാണ്. തകരാറിലായ വാഹനം നീക്കം ചെയ്യാൻ ക്രെയിനുകൾ എത്തിക്കുക എന്നതും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ മുതൽ ഘട്ടം ഘട്ടമായി വിവിധ ഫ്ലൈഓവറുകളിൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. അടിയന്തര സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി തിരക്കേറിയ സമയങ്ങളിൽ പ്രത്യേകം സമയക്രമം നിശ്ചയിച്ചാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്.
