മുംബൈ: ബിസിനസ്സ് ആവശ്യത്തിനെന്ന് പറഞ്ഞ് ഭാര്യയെ കബളിപ്പിച്ച് പെൺസുഹൃത്തിനൊപ്പം മലേഷ്യയിലേക്ക് കടക്കാൻ ശ്രമിച്ച പൂനെ സ്വദേശിയായ വ്യവസായിക്ക് തിരിച്ചടിയായി സ്വന്തം കള്ളങ്ങൾ. പെൺസുഹൃത്തിന് ഇമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കാതെ വന്നതോടെ യാത്ര മുടങ്ങുകയും, തുടർന്ന് പിടിച്ചുനിൽക്കാൻ ഭാര്യയോട് പറഞ്ഞ കള്ളം ഒടുവിൽ പൊലീസിനു മുന്നിൽ സകല സത്യങ്ങളും പുറത്താക്കുകയുമായിരുന്നു.
46 കാരനായ വ്യവസായി ബിസിനസ്സ് ആവശ്യങ്ങൾക്കായി മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് പോകുന്നു എന്നാണ് ഭാര്യയെ വിശ്വസിപ്പിച്ചിരുന്നത്. തുടർന്ന് പെൺസുഹൃത്തിനൊപ്പം വിമാനത്താവളത്തിലെത്തി ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനിടെ ഉദ്യോഗസ്ഥർ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ തടഞ്ഞു. യാത്രയ്ക്കായി ഇവർ ഉപയോഗിച്ചത് മുൻപ് നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്ത പഴയ പാസ്പോർട്ടായിരുന്നു. ഇതോടെ ഇവർക്ക് യാത്ര ചെയ്യാനാകില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇതിനെത്തുടർന്ന് നിയമനടപടികൾ ഉണ്ടാകുമെന്നും തനിക്കൊപ്പം മറ്റൊരു സ്ത്രീ ഉണ്ടായിരുന്നുവെന്ന വിവരം ഭാര്യ അറിയുമെന്നും ഭയന്ന വ്യവസായി ഉടൻ തന്നെ സ്വന്തം യാത്രയും റദ്ദാക്കി. തുടർന്ന് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം വിമാനത്താവളത്തിലെ ലാൻഡ് ലൈനിൽ നിന്ന് ഭാര്യയെ വിളിച്ച്, ഇമിഗ്രേഷൻ പ്രശ്നങ്ങൾ കാരണം തന്റെ ഫോൺ ഉദ്യോഗസ്ഥർ പിടിച്ചുവെച്ചിരിക്കുകയാണെന്ന് കള്ളം പറഞ്ഞു. ശേഷം കൂടെയുണ്ടായിരുന്ന സ്ത്രീയോടൊപ്പം ഇയാൾ ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് റെയിൽവേ സ്റ്റേഷനിലേക്ക് പോയി.
പിറ്റേന്ന് ഭാര്യയെ വാട്ട്‌സ്ആപ്പ് വീഡിയോ കോളിൽ വിളിച്ച് ഇതേ കള്ളം ആവർത്തിച്ച ശേഷം ഇയാൾ ഫോൺ പൂർണ്ണമായും സ്വിച്ച് ഓഫ് ചെയ്തു. തുടർന്ന് ഭർത്താവിനെ ഫോണിൽ കിട്ടാതാവുകയും ആരോ തട്ടിക്കൊണ്ടുപോയതാകാമെന്ന് ഭയപ്പെടുകയും ചെയ്ത ഭാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയ വിവരം അറിഞ്ഞതോടെ, വ്യാവസായി അന്ന് രാത്രി തന്നെ സഹാർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി സത്യങ്ങൾ വെളിപ്പെടുത്തി. ഭാര്യയോട് കള്ളം പറഞ്ഞതാണെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചതിനെത്തുടർന്ന്, കേസിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കുന്നതിനായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പൊലീസ്.
