13-കാരന്റെ കൊലപാതകം: മോചനദ്രവ്യമോ അതോ വ്യക്തിവൈരാഗ്യമോ? യു.കെയിൽ നിന്നെത്തിയ ഭാസ്കർ റെഡ്ഡിയെ കുടുക്കിയത് ഈ ദുരൂഹ ചോദ്യങ്ങൾ

ബെംഗളൂരു: യുകെയിൽനിന്ന് പഠനം പൂർത്തിയാക്കി തിരിച്ചെത്തിയ അയൽവാസി 13-കാരനായ പ്രജ്വലിനെ തട്ടിയെടുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യഥാർത്ഥ കൊലപാതക കാരണം (Motive) കണ്ടെത്താൻ സാധിക്കാതെ കുഴങ്ങി പോലീസ്. മൂന്ന് കോടിയോളം രൂപയുടെ കടബാധ്യത തീർക്കാൻ വേണ്ടി നടത്തിയ തട്ടിയെടുക്കലാണെന്ന പ്രതി ഭാസ്കർ റെഡ്ഡിയുടെ മൊഴി പോലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. സംഭവത്തിന് പിന്നിൽ മോചനദ്രവ്യം മാത്രമല്ലെന്നും മറ്റു പല കാരണങ്ങളുമുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ക്രാക്കർ വാങ്ങാമെന്ന് പറഞ്ഞ് കാറിലേക്ക്; പിന്നീട് നടന്നത് ദാരുണ കൊലപാതകം
റിയൽ എസ്റ്റേറ്റ് വ്യാപാരിയായ മനോഹറിന്റെ മകനാണ് കൊല്ലപ്പെട്ട പ്രജ്വൽ. ബുധനാഴ്ച രാത്രി പടക്കം വാങ്ങിത്തരാമെന്നും ഡ്രൈവിംഗ് പഠിപ്പിക്കാമെന്നും പറഞ്ഞ് 26-കാരനായ ഭാസ്കർ റെഡ്ഡി കുട്ടിയെ കാറിൽ കയറ്റുകയായിരുന്നു. ഇയാളുടെ സഹായി എഡുകൊണ്ടലുവും കാറിലുണ്ടായിരുന്നു. തുടര്‍ന്ന് ബാഗലൂരിലെ വിജനമായ സ്ഥലത്തെത്തിച്ച് കുട്ടിയുടെ കൈകാലുകൾ പ്ലാസ്റ്റിക് വയർ ഉപയോഗിച്ച് കെട്ടിയിടുകയും വായ മൂടിക്കെട്ടുകയും ചെയ്തു. തുടർന്ന് കുട്ടി കരയുന്ന വീഡിയോ മൊബൈലിൽ പകർത്തി. 1.5 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവിന് ഈ വീഡിയോ അയക്കാനായിരുന്നു ഇവരുടെ പദ്ധതി.

എന്നാൽ വീഡിയോ സന്ദേശം അയക്കുന്നതിന് മുൻപ് തന്നെ പ്രതികൾ പ്രജ്വലിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ ഉപേക്ഷിക്കാൻ പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തെ തുടർന്നാണ് ഭാസ്കർ റെഡ്ഡി പിടിയിലാകുന്നത്.

പോലീസിനെ വലയ്ക്കുന്ന ദുരൂഹ ചോദ്യങ്ങൾ
കുട്ടിയുടെ പിതാവ് പുതിയ സ്ഥലം വാങ്ങാൻ പണം കരുതിയിട്ടുണ്ടെന്ന് മനസ്സിലാക്കിയാണ് തട്ടിയെടുക്കൽ ആസൂത്രണം ചെയ്തതെന്ന് ഭാസ്കർ മൊഴി നൽകിയിട്ടുണ്ടെങ്കിലും ഇത് പൂർണമായും ശരിയല്ലെന്നാണ് പോലീസ് കരുതുന്നത്. തട്ടിയെടുത്തിട്ടും എന്തുകൊണ്ട് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ വിളിച്ചില്ല, മൃതദേഹം ഒളിപ്പിക്കാൻ ദൂരയാത്ര ചെയ്യാനിരിക്കെ എന്തിന് മദ്യപിച്ചു, ഒടുവിൽ കുട്ടിയോടൊപ്പം പരസ്യമായി കണ്ടത് തന്നെയല്ലേ എന്ന ചിന്ത പ്രതിക്ക് എന്തുകൊണ്ട് ഉണ്ടായില്ല തുടങ്ങിയ ചോദ്യങ്ങളാണ് അന്വേഷണ സംഘത്തെ സംശയത്തിലാക്കുന്നത്.

ഇരു കുടുംബങ്ങളും തമ്മിൽ സാമ്പത്തികമായോ വ്യക്തിപരമായോ വല്ല തർക്കങ്ങളും ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഭാസ്കറിന്റെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നപ്പോൾ മനോഹറിന്റെ കുടുംബം സാമ്പത്തികമായി മികച്ച നിലയിലായിരുന്നു.

പരിഹാസവും പ്രണയവും: വ്യക്തിവൈരാഗ്യ സാധ്യതയും തള്ളാതെ പോലീസ്
ഭാസ്കറുമായി വളരെ അടുത്തബന്ധം പുലർത്തിയിരുന്ന പ്രജ്വൽ, ഭാസ്കറിന്റെ പ്രണയബന്ധങ്ങളെക്കുറിച്ച് നിരന്തരം പരിഹസിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് ഭാസ്കറിന് കടുത്ത അമർഷമുണ്ടാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യക്തിവൈരാഗ്യമുണ്ടോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്. ഇയാളുടെ ഫോൺ പിടിച്ചെടുത്ത് വിശദമായി പരിശോധിക്കുന്നുണ്ട്. കൊലപാതക സമയത്ത് കൂടെയുണ്ടായിരുന്ന സഹായി എഡുകൊണ്ടലുവിനെ കണ്ടെത്തിയാൽ മാത്രമേ യഥാർത്ഥ കാരണം വ്യക്തമാകൂ.

ലണ്ടനിൽ നിന്ന് ലോക്കപ്പിലേക്ക്
നെല്ലൂരിൽ പ്ലസ് ടുവിന് ശേഷം 2017-21 കാലയളവിൽ ബെംഗളൂരു പ്ലസ്ടു റേവ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.ടെക് പൂർത്തിയാക്കിയ ഭാസ്കർ, തുടർന്ന് എം.എസ്സി പഠനത്തിനായി ലണ്ടനിലേക്ക് പോവുകയായിരുന്നു. പഠനത്തിന് ശേഷം 2025 ജനുവരിയിലാണ് ഇയാൾ ബെംഗളൂരുവിൽ തിരിച്ചെത്തുന്നത്. നിലവിൽ കോരമംഗലയിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മാസം 65,000 രൂപ ശമ്പളത്തിൽ ജോലി ചെയ്തുവരികയായിരുന്നു. എന്നാൽ മദ്യപാനവും വിലകൂടിയ കാറുകളും ആഡംബര ജീവിതവും നയിച്ചിരുന്ന ഇയാൾക്ക് ഈ തുക തികയുമായിരുന്നില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts