ചെന്നൈ: അന്തരിച്ച പ്രശസ്ത നടി സിൽക് സ്മിതയുടെ മരണത്തെക്കുറിച്ച് സിനിമാ ലോകത്ത് നിലനിൽക്കുന്ന ധാരണകളെ തിരുത്തി നടി കുട്ടി പത്മിനി. സിനിമ നിർമ്മിച്ച് ഉണ്ടായ സാമ്പത്തിക ബാധ്യതകളാണ് സ്മിതയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന പ്രചാരണം തെറ്റാണെന്നും, അക്കാദമിക് വിദ്യാഭ്യാസത്തിന്റെ കുറവും കൂടെയുള്ളവരെ അന്ധമായി വിശ്വസിച്ചതുമാണ് നടിയുടെ ജീവിതം തകർത്തതെന്നും കുട്ടി പത്മിനി വെളിപ്പെടുത്തി. സ്മിതയുടെ ചിത്രങ്ങൾക്ക് അക്കാലത്ത് വൻ ബിസിനസ്സ് മൂല്യമുണ്ടായിരുന്നുവെന്നും, സ്വന്തം പണം പൂർണ്ണമായും കൂടെയുള്ളവരുടെ നിയന്ത്രണത്തിൽ ഏൽപ്പിച്ചതാണ് അവർക്ക് തിരിച്ചടിയായതെന്നും അവർ വ്യക്തമാക്കി.
ബാങ്ക് ഇടപാടുകൾ നടത്താനോ, വരുമാന നികുതി ഓഡിറ്റിംഗ് കൈകാര്യം ചെയ്യാനോ അറിവില്ലാതിരുന്ന സ്മിത, ചോദിക്കുന്ന രേഖകളിലെല്ലാം ഒപ്പിട്ടു നൽകുകയായിരുന്നു. താൻ എത്രത്തോളം സമ്പാദിച്ചെന്നോ, സ്വത്തുക്കൾ ആരുടെ പേരിലാണെന്നോ ഉള്ള വ്യക്തമായ ധാരണ നടിക്കുണ്ടായിരുന്നില്ല. സ്വന്തം അധ്വാനത്തിൽ ജീവിക്കുമ്പോൾ ആരോടും ഭയപ്പെടേണ്ടതില്ലെന്നും നല്ലൊരു അഭിഭാഷകനെയോ ഓഡിറ്ററെയോ കണ്ട് സ്വത്തുക്കൾ സ്വന്തം നിയന്ത്രണത്തിലാക്കണമെന്നും പ്രശസ്ത നൃത്തസംവിധായിക പുളിയൂർ സരോജ സ്മിതയെ പലതവണ ഉപദേശിച്ചിരുന്നു. എന്നാൽ ഏതോ വലിയ ഭയം നിഴലിച്ചിരുന്ന സ്മിത ആ ഉപദേശങ്ങൾക്കൊന്നും ചെവികൊടുത്തില്ല.
വീട്ടുജോലി ചെയ്ത് കഷ്ടപ്പെട്ട് വളർന്നുവന്ന പശ്ചാത്തലമുള്ളതിനാൽ, കൂടെയുള്ള ജോലിക്കാരെ സ്വന്തം സഹോദരങ്ങളെപ്പോലെയാണ് സ്മിത കണ്ടിരുന്നത്. എന്നാൽ സ്മിതയുടെ മരണശേഷം അവരുടെ പത്തുകിലോയിലധികം വരുന്ന ആഭരണങ്ങൾ മാത്രമാണ് അമ്മയ്ക്ക് ലഭിച്ചതെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു. മരണത്തിന് രണ്ട് മാസങ്ങൾക്ക് ശേഷം സ്മിതയുടെ ഒരു സഹായിയും ആത്മഹത്യ ചെയ്തിരുന്നു. പ്രണയത്തിലെ വഞ്ചനയും വലിയ സാമ്പത്തിക തട്ടിപ്പുകളും സൃഷ്ടിച്ച കടുത്ത നിരാശയിലാണ് 1996-ൽ സിൽക് സ്മിത ജീവിതമവസാനിപ്പിച്ചതെന്നും, സിനിമകളിൽ ചിത്രീകരിച്ചതുപോലെയല്ലായിരുന്നു അവരുടെ യഥാർത്ഥ ജീവിതമെന്നും കുട്ടി പത്മിനി കൂട്ടിച്ചേർത്തു.
