ബെംഗളൂരു: ഹാവനൂർ ലേഔട്ടിൽ വർഷങ്ങളായി തനിച്ചു താമസിച്ചിരുന്ന മധ്യവയസ്‌കയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏകദേശം ഒന്നര വർഷത്തോളം പഴക്കമുള്ള അസ്ഥികൂടമാണ് വീടിന്റെ ബാത്ത്‌റൂമിൽ നിന്ന് പോലീസ് കണ്ടെടുത്തത്. ബാഗലഗുണ്ടെ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹാവനൂർ ലേഔട്ടിൽ താമസിച്ചിരുന്ന ദാക്ഷായണി (57) ആണ് മരിച്ചത്. സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും അയൽക്കാരോ നാട്ടുകാരോ വിവരമറിഞ്ഞിരുന്നില്ല.
പത്തു വർഷം മുമ്പ് ദാക്ഷായണിയുടെ ഭർത്താവ് ഉമേഷ് മരണപ്പെട്ടിരുന്നു. തുടർന്ന് ഇവരുടെ മകനും രോഗബാധയെ തുടർന്ന് മരിച്ചതോടെ ദാക്ഷായണി വീട്ടിൽ ഒറ്റപ്പെടുകയായിരുന്നു. വളരെക്കാലമായി പ്രദേശത്ത് ഇവരെ കാണാതിരുന്നെങ്കിലും തനിച്ചു താമസിക്കുന്നതിനാലും ആരുമായും വലിയ സമ്പർക്കം പുലർത്താത്തതിനാലും അയൽക്കാർക്ക് സംശയം തോന്നിയിരുന്നില്ല.
രാത്രി എട്ടു മണിയോടെ ദാക്ഷായണിയുടെ വീടിന്റെ മുൻവാതിൽ തുറന്നു കിടക്കുന്നത് കണ്ട് പ്രദേശവാസികളിൽ ചിലരാണ് സംഭവം ശ്രദ്ധിക്കുന്നത്. വീട്ടിൽ മോഷണം നടക്കുകയാണെന്ന സംശയത്തെ തുടർന്ന് നാട്ടുകാർ പോലീസിന്റെ ‘112’ എന്ന എമർജൻസി ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബാഗലഗുണ്ടെ പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ബാത്ത്‌റൂമിൽ പൂർണമായും അസ്ഥികൂടമായ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന്റെ അവശിഷ്ടങ്ങളും സാഹചര്യങ്ങളും വിലയിരുത്തി ഒരു വർഷം മുതൽ ഒന്നര വർഷം വരെ പഴക്കമുള്ള മരണമാണിതെന്ന് പോലീസ് സംശയിക്കുന്നു. ദാക്ഷായണിയുടെ സഹോദരൻ മഹേഷ് ബസപ്പ ഗൊരവ കൊല്ല നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (BNSS) സെക്ഷൻ 194 പ്രകാരം പോലീസ് അസ്വാഭാവിക മരണത്തിന് (UDR) കേസെടുത്തു.
സംഭവസ്ഥലത്തു നിന്നും കണ്ടെത്തിയ അസ്ഥികൂടം കൂടുതൽ വിദഗ്ധ പരിശോധനയ്ക്കായി ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് (FSL) അയച്ചിരിക്കുകയാണ്. പരിശോധനാഫലം പുറത്തുവന്നതിനു ശേഷമേ മരണകാരണവും കൃത്യമായ സമയവും വ്യക്തമാകുകയുള്ളൂവെന്ന് പോലിസ് അറിയിച്ചു. ബാഗലഗുണ്ടെ പോലീസ് കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
