ബെംഗളൂരു: തീവണ്ടികളിൽ മാസങ്ങൾക്കു മുമ്പേ ടിക്കറ്റ് തീർന്നതാണെങ്കിലും പ്രത്യേക തീവണ്ടി അനുവദിക്കുന്ന കാര്യത്തിൽ റെയിൽവേ മൗനം തുടരുകയാണ്.
ദക്ഷിണ റെയിൽവേയിലെയും ദക്ഷിണ-പശ്ചിമ റെയിൽവേയിലെയും കൊമേഴ്‌സ്യൽ വിഭാഗങ്ങളാണ് തീവണ്ടികളിലെ തിരക്ക് കണക്കിലെടുത്ത് പ്രത്യേക തീവണ്ടികൾ ശുപാർശ ചെയ്യേണ്ടത്. എന്നാൽ ഇതിനുള്ള നടപടികളായിട്ടില്ല.
അവധിക്കുശേഷം മടക്കയാത്രയ്ക്കും തീവണ്ടികളിൽ ടിക്കറ്റില്ലാത്ത അവസ്ഥയാണ്. തീവണ്ടി അനുവദിക്കുന്നതിനായി കേരളത്തിൽനിന്നുള്ള എം.പി.മാർ ശ്രമിക്കുന്നില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
അവധിയോടനുബന്ധിച്ച് കേരള, കർണാടക ആർ.ടി.സി.കളുടെ പതിവ് സർവീസുകളിൽ ടിക്കറ്റ് തീർന്നതിനെത്തുടർന്ന് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. ഇവയിലും ടിക്കറ്റ് തീർന്നതിനാൽ നാട്ടിൽ പോകാൻ മാർഗങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ് നിരവധി മലയാളികൾ.
സ്വകാര്യ ബസുകളും അധികസർവീസുകൾ നടത്തുന്നുണ്ടെങ്കിലും സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ഇവയിലെ നിരക്ക്. തിരക്കുള്ള ദിവസങ്ങളിൽ 4000 രൂപയ്ക്കടുത്താണ് എറണാകുളത്തേക്ക് ചില സ്വകാര്യബസുകൾ ഈടാക്കുന്നത്.
പ്രത്യേക തീവണ്ടി അനുവദിക്കാത്തത് ഫലത്തിൽ സ്വകാര്യബസുകൾക്ക് അനുഗ്രഹമാവുകയാണ്. യാത്രാപ്രശ്നം പരിഹരിക്കാൻ പ്രത്യേക തീവണ്ടി അനുവദിച്ചാൽ സ്വകാര്യബസുകളുടെ കൊള്ള അവസാനിപ്പിക്കാമെന്ന് യാത്രക്കാർ പറഞ്ഞു.
മറ്റു പ്രധാന നഗരങ്ങളിൽനിന്ന് കേരളത്തിലേക്ക് ശബരിമല സ്പെഷ്യലുകളും വിന്റർ സ്പെഷ്യലുകളും ഉണ്ടെങ്കിലും ബെംഗളൂരുവിൽനിന്ന് മാത്രം പ്രത്യേക തീവണ്ടി ഇല്ല. ക്രിസ്മസും പുതുവത്സരവും ശബരിമല സീസണും എല്ലാം ഒന്നിച്ചായതിനാൽ ഈ കാലയളവിൽ നിരവധിയാളുകളാണ് നാട്ടിലേക്കു പോകുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.