ന്യൂഡൽഹി: പുതിയ ടോൾ നയം ഉടൻ; സ്വകാര്യ കാറുകൾക്കുള്ള ടോൾ നിരക്ക് ഉയർന്നേക്കും. ദേശീയപാതകളിലെ ടോൾനിരക്കുകൾ പരിഷ്കരിക്കാനും വാഹനങ്ങളുടെ തരംതിരിക്കൽ പുനർനിർണയിക്കാനും കേന്ദ്രസർക്കാർ നയം കൊണ്ടുവന്നേക്കും. സ്വകാര്യ കാറുകൾക്കുള്ള ടോൾ നിരക്ക് ഉയർത്തിയേക്കുമെന്നും സൂചനയുണ്ട്.
ഗതാഗതമന്ത്രാലയം കൺസൾട്ടൻസി കമ്പനിയായ ബോസ്റ്റൺ ഗ്രൂപ്പിനെ ദേശീയപാതാ അതോറിറ്റിയുമായി ചേർന്നു കരടുനയം തയ്യാറാക്കാൻ ചുമതലപ്പെടുത്തിയിരുന്നു. ടോൾറോഡിലൂടെ കയറി എന്നതുകൊണ്ട് മുഴുവൻ തുകയും കൊടുക്കുന്ന സാഹചര്യം ഒഴിവാക്കാനും സാധ്യതയുണ്ട്. എത്രദൂരം സഞ്ചരിച്ചു എന്നതിനെ ആശ്രയിച്ച് അതിന്റെ തുക നൽകിയാൽ മതിയാകും.
യാത്രാവാഹനങ്ങളുടെ ടോൾ ഉയർത്തിയും ചരക്കുവണ്ടികളുടേതു കുറച്ചും ഏകീകരണം ആവശ്യമാണെന്നാണ് ബോസ്റ്റൺ കൺസൾട്ടൻസി ഗ്രൂപ്പിന്റെ നിർദേശം. കരടുനയം വിജ്ഞാപനം ചെയ്യാൻ കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി മന്ത്രിസഭയുടെ അനുമതി തേടിയതായും റിപ്പോർട്ടുണ്ട്.
സർക്കാർ പദ്ധതികളുടെ ടോൾ പുതുക്കുന്നത് അഞ്ചുവർഷം കൂടുമ്പോഴാണ്. ടോൾ നിരക്കുപുതുക്കലിനു പുറമെ, വാഹനങ്ങൾ ലൈറ്റ്, ഹെവി എന്നിങ്ങനെ തരംതിരിക്കുന്നതിലെ മാനദണ്ഡങ്ങളും പുനഃപരിശോധിക്കാനാണു പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നത്.
മൊത്തവിലസൂചികയുടെ അടിസ്ഥാനത്തിൽ ദേശീയപാതാ അതോറിറ്റിയാണു നിരക്കു പുതുക്കുക. അതേസമയം, ബി.ഒ.ടി. പദ്ധതികളിൽ വരുന്ന ടോൾ നിരക്ക് ഓരോ വർഷവും പുതുക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.