ചെറിയ പ്രായത്തിൽ തന്നെ രോഗബാധിതയായ സാജിദ പതിറ്റാണ്ടിലേറെയായി ആശുപത്രിയിൽ തന്നെയാണ് താമസമെന്ന് ഇവർ ചികിൽസയിലുള്ള ബെംഗളൂരു ലെപ്രസി ആശുപത്രിയിലെ മെഡിക്കൽ ഓഫിസർ ഡോ.അയൂബ് അലി ഖാൻ സയി പറഞ്ഞു. പ്രതിമാസം 1000 രൂപ പെൻഷൻ ലഭിച്ചിരുന്നെങ്കിലും ആധാർ കാർഡില്ലാത്തതിനാൽ നാലു മാസമായി ഇതു മുടങ്ങി.
ആശുപത്രി കന്റീനിൽ നിന്നു ചായകുടിക്കാനും സോപ്പും എണ്ണയും മറ്റും വാങ്ങാനുമാണ് ഈ പണം വിനിയോഗിച്ചിരുന്നത്. എന്നാൽ ആധാർ നമ്പർ പെൻഷൻ അക്കൗണ്ടുമായി ബന്ധിപ്പിക്കാൻ ആവശ്യപ്പെട്ട് ബാങ്ക് കത്തയച്ചതിനു പിന്നാലെ പണം വരവ് നിലച്ചു. തുടർന്ന് ആശുപത്രി അധികൃതർ ആധാർ അധികൃതരുമായി ബന്ധപ്പെട്ടതോടെയാണ് സാജിദ ബീഗത്തിനും മറ്റ് ആറു പേർക്കും ബയോമെട്രിക്സ് ഇല്ലാതെ തന്നെ തിരിച്ചറിയൽ നമ്പർ ലഭിക്കാൻ വഴിയൊരുങ്ങിയത്.
ഇവരുടെ മുഖത്തിന്റെ ചിത്രവും ആശുപത്രി രേഖയിലുള്ള കണ്ണുകളുടെ ചിത്രവും മാത്രം അപ്ലോഡ് ചെയ്താണ് ആധാർ ലഭ്യമാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. കുടുംബാംഗങ്ങൾ ഉപേക്ഷിച്ച ഇവർക്ക് കൃത്യമായ മേൽവിലാസം നൽകാൻ ഇല്ലാത്തതിനാൽ ആശുപത്രി അധികൃതരാണ് വ്യക്തിഗത വിവരങ്ങൾ സ്ഥിരീകരിച്ചു കത്തു നൽകിയത്.