ബെംഗളൂരു ∙ ബലിപ്പെരുന്നാൾ ആഘോഷത്തിനു മുന്നോടിയായുള്ള ബലിമാംസ വിതരണത്തിനുള്ള ഒരുക്കങ്ങൾ സജീവമായി. ജയമഹൽ മെയിൻ റോഡ്, ചാമരാജ്പേട്ട് ഈദ്ഗാഹ് ഗ്രൗണ്ട്, ശിവാജിനഗർ, യശ്വന്ത്പുര എന്നിവിടങ്ങളിൽ ബലിമാംസത്തിനായുള്ള ആടുകളുടെ വ്യാപാരം ദിവസങ്ങൾക്കു മുൻപേ തന്നെ ആരംഭിച്ചിരുന്നു.
വടക്കൻ കർണാടകയിലെ ബെളഗാവി, യാദ്ഗീർ എന്നിവിടങ്ങളിൽ നിന്ന് നൂറുകണക്കിന് ആടുകളെയാണ് വിൽപനയ്ക്കായി എത്തിച്ചിട്ടുള്ളത്. ബന്നൂർ, സിറ, സിന്ധന്നൂർ, ബാഗേവാടി ഇനങ്ങളിലുള്ള ആടുകൾക്കാണ് ആവശ്യക്കാരേറെ. 10,000 രൂപ മുതൽ ഒരു ലക്ഷം രൂപവരെ വില വരുന്നവ വിൽപനയ്ക്കുണ്ട്. ജയമഹൽ പാലസ് റോഡിന്റെ ഇരുവശങ്ങളിലും ആടു കച്ചവടക്കാർ കൈയടക്കിയതോടെ ഗതാഗതക്കുരുക്കും വർധിച്ചു.