ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ പച്ച, മഞ്ഞ, നീല, പർപ്പിൾ ലൈനുകൾക്ക് ശേഷം നിർദ്ദിഷ്ട ‘ഓറഞ്ച് ലൈൻ’ പദ്ധതിയുടെ ജോലികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി തടസ്സമായി നിൽക്കുന്ന കെട്ടിടങ്ങൾ നീക്കം ചെയ്യുന്നതിനായി ബി.എം.ആർ.സി.എൽ (BMRCL) ടെൻഡർ വിളിച്ചു. ജെ.പി. നഗർ ഫേസ് 4 മുതൽ കെമ്പാപുര വരെയും, ഹൊസഹള്ളി മുതൽ കടബഗെരെ വരെയുമുള്ള റൂട്ടുകളിലെ നിർമ്മാണ തടസ്സങ്ങൾ നീക്കുന്നതിനാണ് നടപടി.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 10-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓറഞ്ച് ലൈൻ മെട്രോ റൂട്ടിന് തറക്കല്ലിട്ടെങ്കിലും നിർമ്മാണ ജോലികൾ ആരംഭിച്ചിരുന്നില്ല. ഈ റൂട്ടിലെ ഗതാഗതപ്രശ്നം പരിഹരിക്കുന്നതിനായി മെട്രോ പാതയ്‌ക്കൊപ്പം ഡബിൾ ഡെക്കർ ഫ്ലൈഓവർ കൂടി നിർമ്മിക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശിച്ചതാണ് പണി വൈകാൻ കാരണമായത്. നിർമ്മാണം വൈകുന്നതിൽ കേന്ദ്ര നഗരവികസന വകുപ്പ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നമ്മ മെട്രോ മൂന്നാം ഘട്ട പദ്ധതിക്ക് തടസ്സമാകുന്ന കെട്ടിടങ്ങൾ നീക്കം ചെയ്യുന്നതിനായി 17.57 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന നാല് പാക്കേജുകളിലായി ബി.എം.ആർ.സി.എൽ ടെൻഡറുകൾ ക്ഷണിച്ചത്.
ആദ്യ പാക്കേജിന് 4.74 കോടി രൂപയും, രണ്ടാമത്തെ പാക്കേജിന് 4.54 കോടി രൂപയും, മൂന്നാമത്തെ പാക്കേജിന് 4.29 കോടി രൂപയും, നാലാമത്തെ പാക്കേജിന് 4 കോടി രൂപയുമാണ് ചെലവ് വകയിരുത്തിയിരിക്കുന്നത്. റോഡ് നിർമ്മാണത്തിനും മെട്രോ പാതയ്ക്കും ആവശ്യമായ ഭൂമി ലഭ്യമാക്കുക എന്നതാണ് ഈ പ്രവൃത്തിയുടെ പ്രധാന ലക്ഷ്യം.
മൊത്തം 44.65 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാം ഘട്ട പദ്ധതിയിൽ രണ്ട് ഇടനാഴികളാണുള്ളത്. ജെ.പി. നഗർ ഫേസ് 4 മുതൽ കെമ്പാപുര വരെയുള്ള 32.15 കിലോമീറ്റർ നീളമുള്ള ഒന്നാം കോറിഡോറിൽ 22 സ്റ്റേഷനുകളും, ഹൊസഹള്ളി മുതൽ കടബാഗെരെ വരെയുള്ള 12.5 കിലോമീറ്റർ നീളമുള്ള രണ്ടാം കോറിഡോറിൽ 9 സ്റ്റേഷനുകളും ഉൾപ്പെടെ ആകെ 31 എലിവേറ്റഡ് സ്റ്റേഷനുകളാണ് നിർമ്മിക്കുന്നത്. 2032-ഓടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
തറക്കല്ലിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണം ആരംഭിക്കാത്തതിൽ നഗരവാസികൾ മുൻപ് പ്രതിഷേധം ഉയർത്തിയിരുന്നു. എന്നാൽ നിലവിൽ കെട്ടിടങ്ങൾ നീക്കം ചെയ്യാനുള്ള നീക്കങ്ങൾ ആരംഭിച്ചതോടെ, ആയിരക്കണക്കിന് വ്യവസായ സ്ഥാപനങ്ങളുള്ള പീനിയ ഉൾപ്പെടെയുള്ള മേഖലകളിലെ യാത്രക്കാർക്കും ജോലിക്ക് പോകുന്നവർക്കും മെട്രോ പാത വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
