ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KIA) റൺവേയിലെ അറ്റകുറ്റപ്പണികൾ കാരണം ഇന്ന് (ഓഗസ്റ്റ് 17, തിങ്കൾ) വിമാന സർവീസുകൾ വൈകാൻ സാധ്യത. ഉച്ചയ്ക്ക് 2:00 മണി മുതൽ വൈകുന്നേരം 4:00 മണി വരെ ടാക്സിവേ താൽക്കാലികമായി അടച്ചിടുന്നതിനാൽ വിമാനങ്ങളുടെ നീക്കത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വ്യോമയാന അധികൃതർ നോട്ടീസ് ടു എയർമെൻ (NOTAM) പുറപ്പെടുവിച്ചു. ഉച്ചയ്ക്കുശേഷവും വൈകുന്നേരങ്ങളിലും യാത്ര ചെയ്യുന്നവർ ആവശ്യത്തിന് സമയം കൈയിൽ കരുതി വേണം വിമാനത്താവളത്തിലേക്ക് തിരിക്കാനെന്ന് യാത്രാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
റൺവേ നിയന്ത്രണം മുംബൈ, ഡൽഹി, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള ആഭ്യന്തര വിമാന സർവീസുകളെയായിരിക്കും കൂടുതൽ ബാധിക്കുക. തിരക്കും കാലതാമസവും ഒഴിവാക്കാൻ യാത്രക്കാർ സാധാരണയേക്കാൾ നേരത്തെ തന്നെ വിമാനത്താവളത്തിലെ ചെക്ക്-ഇൻ കൗണ്ടറുകളിൽ എത്തണമെന്ന് വിവിധ എയർലൈനുകൾ നിർദേശിച്ചു.
ആഭ്യന്തര സർവീസുകൾക്കുള്ള ബാഗേജ് ഡ്രോപ്പ് കൗണ്ടറുകൾ വിമാനം പുറപ്പെടുന്നതിന് 60 മിനിറ്റ് മുമ്പും ബോർഡിംഗ് ഗേറ്റുകൾ 25 മിനിറ്റ് മുമ്പും അടയ്ക്കുന്നതാണ്. അതിനാൽ സുരക്ഷാ പരിശോധനകളും മറ്റ് നടപടികളും തടസ്സമില്ലാതെ പൂർത്തിയാക്കാൻ വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് രണ്ട് മണിക്കൂർ മുമ്പെങ്കിലും ടെർമിനലിൽ എത്തിച്ചേരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
