‘റോഡുകൾ നന്നാക്കുക’: ബെംഗളൂരുവിൽ മലയാളി യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെ പ്രതിഷേധം

ബെംഗളൂരു: റോഡിലെ കുഴികളും തകർന്നുകിടക്കുന്ന പാതയും കാരണം ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപം അനന്ത് നഗറിലാണ് ദാരുണമായ സംഭവം നടന്നത്. പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്.ഒ) ബെംഗളൂരു ഓഫീസിലെ ജീവനക്കാരിയായ മേധ ആകർഷ് (32) ആണ് മരിച്ചത്. ഭർത്താവും മൂന്ന് വയസ്സുള്ള കുട്ടിയുമുണ്ട്. സംഭവത്തിന് പിന്നാലെ നഗരസഭാ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ നാനൂറിലധികം വരുന്ന നാട്ടുകാർ മെഴുകുതിരികളും മൊബൈൽ ഫ്ലാഷ്‌ലൈറ്റുകളും തെളിയിച്ച് തെരുവിലിറങ്ങി ശക്തമായി പ്രതിഷേധിച്ചു.

ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് അപകടമുണ്ടായത്. അനന്ത് നഗറിൽ നിന്ന് സിംഗസന്ദ്രയിലേക്ക് സഹപ്രവർത്തകനും സുഹൃത്തുമായ അജയ് ഗുരുവിനൊപ്പം സ്‌കൂട്ടറിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്നു മേധ. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുന്നിലുണ്ടായിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന്, കാറിലിടിക്കാതിരിക്കാൻ അജയ് ഗുരുവും ബ്രേക്ക് അമർത്തുകയായിരുന്നു. തകർന്നുകിടക്കുന്ന റോഡിൽ ചെളിയും കുഴികളും കാരണം സ്‌കൂട്ടർ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു വീണു.

റോഡിലേക്ക് തെറിച്ചുവീണ മേധയുടെ ശരീരത്തിലൂടെ പുറകിൽ നിന്ന് വരികയായിരുന്ന ഗുഡ്സ് വാഹനം കയറിയിറങ്ങുകയായിരുന്നു. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. അപകടത്തിന് ശേഷം നിർത്താതെ പോയ ഗുഡ്സ് വാഹനം കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പതിറ്റാണ്ടുകളായി തകർന്നുകിടക്കുന്ന അനന്ത് നഗർ റോഡിന്റെ അവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുത്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ഒരു ജീവൻ കൂടി പൊലിഞ്ഞതോടെയാണ് വലിയ ജനരോഷം ഉയർന്നത്. ഇലക്ട്രോണിക് സിറ്റി ട്രാഫിക് പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts