ബെംഗളൂറു: തിരുവോണത്തിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, ബെംഗളൂരുവിൽ ഓണവിപണി ലക്ഷ്യമിടുന്ന തേങ്ങ, നേന്ത്രപ്പഴം തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് വൻ വിലക്കയറ്റം. മുൻവർഷങ്ങളേക്കാൾ ഉയർന്ന വിലയാണ് ചില്ലറ വിപണിയിൽ നിലവിലുള്ളത്. രണ്ട് മാസം മുൻപ് കിലോയ്ക്ക് 60 രൂപയായിരുന്ന വലിയ തേങ്ങയുടെ വില നിലവിൽ 80 മുതൽ 85 രൂപ വരെയായി ഉയർന്നു. ചില്ലറ വിപണിയിൽ ഒരു വലിയ തേങ്ങയ്ക്ക് മാത്രം 50 മുതൽ 55 രൂപ വരെ നൽകേണ്ട സ്ഥിതിയാണ്. നേന്ത്രപ്പഴത്തിനും സമാനമായ രീതിയിൽ വില വർധിച്ചിട്ടുണ്ട്. കിലോയ്ക്ക് 70 മുതൽ 80 രൂപ വരെയാണ് ഇപ്പോഴത്തെ നിരക്ക്.
ഓണം സ്പെഷ്യൽ വറുത്തുപ്പേരി, ശർക്കര ഉപ്പേരി, ചിപ്സ് എന്നിവയുടെ നിർമാണത്തിന് നേന്ത്രക്കായയ്ക്ക് വൻ ആവശ്യക്കാരുണ്ടെങ്കിലും വിപണിയിൽ വരവ് ഗണ്യമായി കുറഞ്ഞതായി വ്യാപാരികൾ വ്യക്തമാക്കുന്നു. വരുന്ന ദിവസങ്ങളിൽ ഇവയുടെ വില ഇനിയും ഉയർന്നേക്കും. അതേസമയം, വെളിച്ചെണ്ണ വിലയിൽ നിലവിൽ കാര്യമായ മാറ്റമില്ല. മുൻനിര ബ്രാൻഡഡ് വെളിച്ചെണ്ണകൾ ലിറ്ററിന് 380 മുതൽ 400 രൂപ നിരക്കിലാണ് വിറ്റഴിക്കപ്പെടുന്നത്.
പ്രതിസന്ധിയിലായി മലയാളി കൂട്ടായ്മകളും ഓണച്ചന്തകളും
കേരളത്തിലുണ്ടായ കനത്ത മഴയിൽ കാർഷിക വിളകൾ വൻതോതിൽ നശിച്ചതാണ് ബെംഗളൂരുവിലെ ഓണച്ചന്തകളുടെ നടത്തിപ്പിനെയും ബാധിച്ചിരിക്കുന്നത്. തിരുവോണത്തിന് മൂന്നാഴ്ച മാത്രം ശേഷിക്കെ, ആവശ്യത്തിന് പച്ചക്കറികളും സാധനങ്ങളും മുൻകൂട്ടി ഉറപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ് നഗരത്തിലെ മലയാളി സംഘടനാ ഭാരവാഹികൾ.
ഇടനിലക്കാരുടെ ചൂഷണമില്ലാതെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറികൾ ശേഖരിച്ച് ന്യായവിലയ്ക്ക് ലഭ്യമാക്കുന്നു എന്നതാണ് ബെംഗളൂരു മലയാളികൾക്കിടയിൽ ഓണച്ചന്തകളെ ജനപ്രിയമാക്കിയത്. പ്രധാനമായും വയനാട്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ നിന്നാണ് ചന്തകളിലേക്ക് പച്ചക്കറികൾ എത്തിച്ചിരുന്നത്. എന്നാൽ ഈ ജില്ലകളിലെ വിളനാശം വിതരണത്തെ ബാധിച്ചിട്ടുണ്ട്. വർഷങ്ങളായി ചന്തകൾ നടത്തുന്ന പ്രമുഖ മലയാളി സംഘടനകൾക്ക് പുറമേ, സമീപകാലത്തായി നിരവധി റസിഡന്റ്സ്, അപ്പാർട്ട്മെന്റ് അസോസിയേഷനുകളും ഓണച്ചന്തകളുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ നിലവിലെ വിലക്കയറ്റവും ഉൽപ്പന്നങ്ങളുടെ ക്ഷാമവും കാരണം വിപണി സജീവമാക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് സംഘാടകർ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]