ബെംഗളൂരു: ഡിജിറ്റൽ സ്ക്രീനുകളിൽ മാത്രം മുഴുകിയിരിക്കുന്ന പുതിയ കാലത്ത് അച്ചടിച്ച പുസ്തകങ്ങൾ വായിക്കുന്ന ശീലം തിരിച്ചുകൊണ്ടുവരാൻ വേറിട്ട സംരംഭവുമായി ബെംഗളൂരുവിലെ രണ്ട് ഐ.ടി ജീവനക്കാർ. ഐ.ടി പ്രൊഫഷണലുകളായ ലിതേഷ് പുളിക്കൂൽ, അരുൺ പി. എച്ച് എന്നിവർ ചേർന്ന് അപ്പാർട്ട്മെന്റ് സമൂഹങ്ങൾക്കിടയിൽ പുസ്തകങ്ങൾ കൈമാറുന്നതിനായി ‘ബുക്സ് ട്രൈബ്’ (Books Tribe) എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിന് തുടക്കം കുറിച്ചു. ലിതേഷിന്റെ പത്തുവയസ്സുകാരിയായ മകളുടെ പക്കലുള്ള അറുപതോളം പുസ്തകങ്ങൾ വായിച്ചുതീർത്ത ശേഷം വെറുതെ ഇരിക്കുന്നത് കണ്ടപ്പോഴാണ് ഈ ആശയം രൂപപ്പെട്ടതെന്ന് അരുൺ വ്യക്തമാക്കുന്നു.
പ്രത്യേകമായി സ്ഥലം കണ്ടെത്തി ലൈബ്രറികൾ നിർമ്മിക്കുന്നതിന് പകരം താമസക്കാർക്ക് പരസ്പരം പുസ്തകങ്ങൾ കൈമാറാൻ അവസരമൊരുക്കുകയാണ് ഈ പ്ലാറ്റ്ഫോം ചെയ്യുന്നത്. ആദ്യമായി ഒരു അപ്പാർട്ട്മെന്റിലെ വ്യക്തി വെബ്സൈറ്റിൽ അക്കൗണ്ട് തുടങ്ങി മറ്റ് താമസക്കാർക്ക് ലിങ്ക് പങ്കുവെക്കുന്നു. ഇവർ പിന്നീട് ഈ കൂട്ടായ്മയുടെ അഡ്മിനായി മാറി മറ്റ് അംഗങ്ങളുടെ വിവരങ്ങൾ പരിശോധിച്ചു പ്രവേശനം നൽകും. അംഗങ്ങൾക്ക് തങ്ങളുടെ പക്കലുള്ള പുസ്തകത്തിന്റെ ചിത്രം ഇതിലേക്ക് അപ്ലോഡ് ചെയ്യാം. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പുസ്തകത്തിന്റെ പേര്, രചയിതാവ്, ഉള്ളടക്കത്തിന്റെ ചുരുക്കം എന്നിവ വെബ്സൈറ്റ് തന്നെ സ്വയം കണ്ടെത്തി നൽകും. തുടർന്ന് താൽപ്പര്യമുള്ളവർക്ക് പുസ്തക ഉടമയുടെ വീട്ടിൽ നേരിട്ടെത്തി പുസ്തകം കടമായി വാങ്ങി വായിക്കാം. ശരാശരി രണ്ട് ആഴ്ചത്തെ സമയമാണ് പുസ്തകം തിരികെ നൽകാനായി അനുവദിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ച ഈ സംരംഭത്തിൽ നിലവിൽ വൈറ്റ്ഫീൽഡ്, സർജാപ്പൂർ, ഇലക്ട്രോണിക് സിറ്റി തുടങ്ങിയ പ്രദേശങ്ങളിലെ അഞ്ചോളം അപ്പാർട്ട്മെന്റ് സമുച്ചയങ്ങൾ പങ്കാളികളായിട്ടുണ്ട്. 60-ലധികം അംഗങ്ങളും 126-ലേറെ പുസ്തകങ്ങളും ഇതിലേക്ക് ചേർക്കപ്പെട്ടു കഴിഞ്ഞു. സുധാ മൂർത്തി, ജെ.കെ റൗളിംഗ്, ജെഫ് കിന്നി എന്നിവരുടെ കുട്ടികളുടെ പുസ്തകങ്ങൾക്കാണ് ഇപ്പോൾ കൂടുതൽ ആവശ്യക്കാരുള്ളത്. കുട്ടികൾ തന്നെ സ്വന്തമായി വെബ്സൈറ്റ് ഉപയോഗിച്ച് പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നുവെന്നത് സന്തോഷകരമായ കാര്യമാണെന്ന് അരുൺ പറഞ്ഞു.
തങ്ങളുടെ ജോലിക്കൊപ്പം തികച്ചും സൗജന്യമായാണ് ഇരുവരും ഈ സേവനം നിലവിൽ നടത്തുന്നത്. വരുംദിവസങ്ങളിൽ ഇതിനായി പ്രത്യേക മൊബൈൽ ആപ്പ് പുറത്തിറക്കാനും മറ്റ് നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും ഇവർക്ക് പദ്ധതിയുണ്ട്. ഭാവിയിൽ പഴയ പുസ്തകങ്ങൾ വിൽക്കാനുള്ള സൗകര്യവും പ്രാദേശിക പുസ്തകശാലകളുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങളും വെബ്സൈറ്റിൽ ഉൾപ്പെടുത്തും. കൂടുതൽ വിവരങ്ങൾക്ക് bookstribe.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]