ബെംഗളൂരു: തീവ്ര വലതുപക്ഷ ഹൈന്ദവ സംഘടനകളുടെ എതിർപ്പിനെയും വിവാദങ്ങളെയും തുടർന്ന് ബെംഗളൂരു വൈറ്റ്ഫീൽഡിൽ നടത്താനിരുന്ന സ്റ്റാൻഡ് അപ്പ് കോമഡി ഷോ റദ്ദാക്കിയതായി ഹാസ്യനികേതൻ കുനാൽ കംറ അറിയിച്ചു. പരിപാടി സംഘടിപ്പിക്കാനിരുന്ന വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷനിലെത്തിയാണ് താൻ ഷോ റദ്ദാക്കുന്ന കാര്യം കുനാൽ കംറ പോലീസിനെ വാമൊഴിയായി അറിയിച്ചത്.
വൈറ്റ്ഫീൽഡിലെ ‘ഉറു’ (Uru) എന്ന വേദയിൽ ഓഗസ്റ്റ് 3 മുതൽ 6 വരെ നടക്കേണ്ടിയിരുന്ന ‘സ്റ്റാൻഡിങ് അപ്’ (Standing Up) എന്ന പരിപാടിക്കെതിരെയാണ് ഹിന്ദു രാഷ്ട്ര സമന്വയ സമിതി എന്ന സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയത്. പരിപാടി റദ്ദാക്കണമെന്നും വേദിക്കടുത്ത സുരക്ഷ ശക്തമാക്കണമെന്നും മോശമായ പരാമർശങ്ങൾ ഉണ്ടായാൽ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സംഘടന ബെംഗളൂരു പോലീസിന് നിവേദനം നൽകിയിരുന്നു.
ചില സാങ്കേതിക തടസ്സങ്ങൾ കാരണം വൈറ്റ്ഫീൽഡിലെ ഷോ റദ്ദാക്കിയതായി വേദി ഉടമകളും സ്ഥിരീകരിച്ചു. തങ്ങൾ വേദി വിട്ടുനൽകുക മാത്രമാണ് ചെയ്തതെന്നും സംഘാടകരല്ലെന്നും വേദി അധികൃതർ വ്യക്തമാക്കി. അതേസമയം, വൈറ്റ്ഫീൽഡിലെ പരിപാടി റദ്ദാക്കിയെങ്കിലും ഷോ കോരമംഗളയിലേക്ക് മാറ്റിയതായാണ് വിവരം. വിഷയത്തിൽ പ്രതികരണത്തിനായി കുനാൽ കംറയെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.
