ബെംഗളൂരു: സ്വന്തം സ്വാതന്ത്ര്യവും ഇഷ്ടങ്ങളും മുൻനിർത്തി പരമ്പരാഗത രീതികളെ മാറ്റിമറിച്ച ഒരു വനിതാ ഓട്ടോ ഡ്രൈവറുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ബെംഗളൂരുവിൽ നിന്നുള്ള ഒരു ആമസോൺ ജീവനക്കാരിയും വനിതാ ഓട്ടോ ഡ്രൈവറും തമ്മിലുള്ള ഹൃദ്യമായ സംഭാഷണമാണ് ലക്ഷക്കണക്കിന് ആളുകളുടെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. ശ്രേയാഷി സിൻഹ എന്ന യുവതിയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ മനോഹരമായ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
തന്റെ യാത്രാനുഭവം പങ്കുവെച്ചുകൊണ്ട് ശ്രേയാഷി കുറിച്ച വാക്കുകൾ ഇങ്ങനെയാണ്: “യാത്രയ്ക്കായി ഓട്ടോ വിളിച്ചപ്പോൾ എന്നെ കൂട്ടാനെത്തിയത് ഒരു വനിതാ ഡ്രൈവറായിരുന്നു. എന്നാൽ അവരുടെ ഫോണിന് ചില സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതിനാൽ വഴി പറഞ്ഞുതരാൻ അവർ എന്നോട് ആവശ്യപ്പെട്ടു. ആ സംസാരം പിന്നീട് ജോലിയെയും സ്ത്രീ സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള വലിയൊരു സംഭാഷണത്തിലേക്ക് വഴിമാറുകയായിരുന്നു.”
യാത്രയ്ക്കിടയിൽ, ‘എന്തുകൊണ്ടാണ് ഓട്ടോ ഓടിക്കാൻ തീരുമാനിച്ചത്’ എന്ന് ശ്രേയാഷി ചോദിച്ചപ്പോൾ ഡ്രൈവർ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നത്. വീട്ടിലിരുന്ന് പാത്രം കഴുകുന്നതിനേക്കാൾ തനിക്ക് സന്തോഷം നൽകുന്നത് ഓട്ടോ ഓടിക്കുന്നതാണ് എന്നായിരുന്നു അവരുടെ മറുപടി. “ഇതാകുമ്പോൾ എനിക്ക് എത്ര നേരം വേണമെങ്കിലും ഡ്രൈവ് ചെയ്യാം, എവിടെയും പോകാം. എനിക്ക് യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടവുമാണ്,” അവർ മനസ്സ് തുറന്നു. തങ്ങൾക്ക് സ്വാതന്ത്ര്യം നൽകുന്ന ജോലികൾ തിരഞ്ഞെടുക്കാൻ ധീരത കാണിക്കുന്ന സ്ത്രീകളെ താൻ ശരിക്കും അഭിനന്ദിക്കുന്നുവെന്നും ശ്രേയാഷി കൂട്ടിച്ചേർത്തു.
ശ്രേയാഷി പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ മൂന്ന് മില്ല്യണിലധികം (30 ലക്ഷം) ആളുകളാണ് കണ്ടുകഴിഞ്ഞത്. വീഡിയോയ്ക്ക് താഴെ വനിതാ ഡ്രൈവറെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. ‘അവർ ഒരു ജോലി മാത്രമല്ല തിരഞ്ഞെടുത്തത്, മറിച്ച് തന്റെ സ്വാതന്ത്ര്യം കൂടിയാണ്’, ‘ഒരു സ്ത്രീക്ക് എടുക്കാവുന്ന ഏറ്റവും കരുത്തുറ്റ തീരുമാനമാണിത്’ എന്നിങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ. ഒട്ടനവധി സ്ത്രീകൾക്ക് പ്രചോദനമേകുന്നതാണ് ഈ ബംഗളൂരു കാഴ്ചയെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്.
