ഐപിഎൽ മത്സരത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ സിസിടിവി കേബിളുകൾ മുറിച്ചു മാറ്റിയ സംഭവം: പ്രതികൾ പിടിയിൽ, കാരണം ഞെട്ടിക്കുന്നത്

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരത്തിനിടെ ഇരുന്നൂറിലധികം സിസിടിവി ക്യാമറകളുടെ കേബിളുകൾ മുറിച്ചുമാറ്റിയ കേസിൽ വഴിത്തിരിവ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സ്ഥാപിച്ച ക്യാമറകൾ പ്രവർത്തനരഹിതമാക്കിയത് സ്റ്റേഡിയത്തിലെ സിസിടിവി പരിപാലന ചുമതലയുണ്ടായിരുന്ന കമ്പനിയിലെ ജീവനക്കാരാണെന്ന് കബ്ബൺ പാർക്ക് പോലീസ് കണ്ടെത്തി. ശമ്പളം നൽകാത്തതിലുള്ള പ്രതികാരമായാണ് ഇവർ ഈ കടുംകൈ ചെയ്തത്.

ആർസിബിയും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു അതീവ സുരക്ഷാ മേഖലയായ സ്റ്റേഡിയത്തിലെ 240-ഓളം ക്യാമറകളുടെ കേബിളുകൾ മുറിക്കപ്പെട്ടത്. സംഭവത്തിൽ ഐവിഎസ് ഡിജിറ്റൽ സൊല്യൂഷൻ എന്ന കമ്പനിയിലെ ജീവനക്കാരായ മഞ്ജുനാഥ്, അബ്ദുൾ കലാം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തങ്ങൾക്ക് ലഭിക്കാനുള്ള ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെ തുടർന്ന് കമ്പനിയെയും അധികൃതരെയും ബുദ്ധിമുട്ടിക്കാനാണ് തങ്ങൾ ഇത് ചെയ്തതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

മത്സരദിവസം വൈകുന്നേരം സിസിടിവി ഫീഡുകൾ പെട്ടെന്ന് നിലച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥർ പരിഭ്രാന്തരായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കേബിളുകൾ ആസൂത്രിതമായി മുറിച്ചുമാറ്റിയതാണെന്ന് കണ്ടെത്തിയത്. നശീകരണ പ്രവർത്തനമോ അട്ടിമറി ശ്രമമോ ആണെന്ന സംശയത്തിൽ പോലീസ് ഉടൻ തന്നെ അന്വേഷണം ഊർജ്ജിതമാക്കി. സിസിടിവി സംവിധാനങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് ഇതിന് പിന്നിലെന്ന് മനസ്സിലാക്കിയ പോലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.

  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ

സുരക്ഷാ വീഴ്ചയുണ്ടായ ഉടൻ തന്നെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയതിനാൽ മത്സരസമയത്ത് മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. അതീവ സുരക്ഷാ പ്രാധാന്യമുള്ള സ്റ്റേഡിയത്തിൽ ശമ്പള തർക്കത്തിന്റെ പേരിൽ ഇത്തരമൊരു കൃത്യം നടന്നത് പോലീസിനെയും ബിസിഎ അധികൃതരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
[masterslider id="10"]

Related posts