ബെംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങളെയും ആരാധകരെയും അപമാനിച്ചതായി പരാതി.
ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഡിജെ മോശമായ രീതിയിൽ പെരുമാറിയെന്നും വംശീയ അധിക്ഷേപത്തിന് സമാനമായ ഗാനങ്ങൾ പ്ലേ ചെയ്തെന്നും കാണിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് ബിസിസിഐയ്ക്ക് ഔദ്യോഗികമായി പരാതി നൽകി.
ഏപ്രിൽ 5-ന് നടന്ന മത്സരത്തിലാണ് വിവാദമായ സംഭവങ്ങൾ അരങ്ങേറിയത്. ദക്ഷിണേന്ത്യൻ രീതികളെ പരിഹസിക്കാൻ സാമൂഹിക മാധ്യമങ്ങളിൽ പലപ്പോഴും ഉപയോഗിക്കാറുള്ള ‘‘ദോശ, ഇഡ്ഡലി, സാമ്പാർ, ചട്ണി’’ എന്ന വൈറൽ ഗാനം മത്സരത്തിനിടെ പ്ലേ ചെയ്തിരുന്നു.
ചെന്നൈ താരങ്ങൾ പുറത്താകുമ്പോൾ ടീമിനെ മനഃപൂർവം അധിക്ഷേപിക്കാനുള്ള ദുരുദ്ദേശ്യത്തോടെയാണ് ഈ ഗാനം ഉപയോഗിച്ചതെന്ന് സിഎസ്‌കെ പരാതിയിൽ വ്യക്തമാക്കുന്നു. പാട്ടുകൾക്ക് പുറമെ, താരങ്ങൾ ഔട്ടാകുമ്പോൾ ഡിജെ നടത്തിയ ചില പരാമർശങ്ങൾ കായിക മര്യാദയ്ക്ക് നിരക്കാത്തതാണെന്നും ചെന്നൈ ടീം ആരോപിക്കുന്നു.
ഡിജെയുടെ ജോലി സാധാരണയായി ഹോം ടീമിനെ പ്രോത്സാഹിപ്പിക്കുക എന്നതാണെന്നും എന്നാൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്നത് മറിച്ചാണെന്നും സിഎസ്‌കെ സിഇഓ കാശി വിശ്വനാഥൻ പറഞ്ഞു. തങ്ങളുടെ താരങ്ങളെ ലക്ഷ്യം വെച്ചുള്ള പരാമർശങ്ങൾ ഉണ്ടായതിനാലാണ് ബിസിസിഐയ്ക്ക് പരാതി നൽകിയതെന്നും അദ്ദേഹം കൂട്ടിചേർത്തു.
സംഭവത്തിൽ ഐപിഎൽ ഗവേർണിങ് കൗൺസിലിന് പരാതി ലഭിച്ചതായും ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]