13 വർഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് വിനു മോഹനും വിദ്യയും വിവാഹമോചിതരായി

കൊച്ചി: മലയാള സിനിമയിലെ പ്രിയ താരദമ്പതികളായ നടൻ വിനു മോഹനും നടി വിദ്യയും വിവാഹമോചിതരായി. ഏറെ നാളുകളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ഇരുവരും തമ്മിലുള്ള ദാമ്പത്യബന്ധം അവസാനിപ്പിച്ച വിവരം പുറത്തുവരുന്നത്. പരസ്പര സമ്മതത്തോടെയാണ് വേർപിരിയാൻ തീരുമാനിച്ചതെന്നാണ് സൂചന. കഴിഞ്ഞ ഒരു മാസമായി ഇരുവരും വേറെയാണ് താമസിക്കുന്നത്.

2013-ലായിരുന്നു വിനു മോഹന്റെയും വിദ്യയുടെയും വിവാഹം. സിനിമയിലൂടെ പ്രണയത്തിലായ ഇരുവരും വീട്ടുകാരുടെ പൂർണ്ണ സമ്മതത്തോടെയാണ് ഒന്നായത്. സോഷ്യൽ മീഡിയയിലും സ്റ്റേജ് ഷോകളിലും സജീവമായിരുന്ന ഈ ജോഡിക്ക് വലിയ ആരാധക പിന്തുണയുണ്ടായിരുന്നു. എന്നാൽ കുറച്ചുനാളുകളായി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ പങ്കുവെക്കാതിരുന്നതും, വിനു തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് വിദ്യക്കൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്തതും ആരാധകർക്കിടയിൽ സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. എങ്കിലും വിദ്യയുടെ സോഷ്യൽ മീഡിയ പേജിൽ ഇപ്പോഴും പഴയ ചിത്രങ്ങളും പേരും മാറ്റമില്ലാതെ തുടരുന്നുണ്ട്.

വേർപിരിയലിന് പിന്നിലെ കൃത്യമായ കാരണങ്ങൾ വ്യക്തമല്ലെങ്കിലും സ്വന്തം കരിയറുമായി മുന്നോട്ട് പോകാനാണ് ഇരുവരുടെയും തീരുമാനം. ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ വിനു മോഹൻ, നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ ചെറുമകനും നടൻ അനു മോഹന്റെ സഹോദരനുമാണ്. 2007-ൽ തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ വിദ്യ ‘നീലാംബരി’യിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. തുടർന്ന് പതിനഞ്ചോളം മലയാള സിനിമകളിലും നിരവധി ജനപ്രിയ ടെലിവിഷൻ പരമ്പരകളിലും വിദ്യ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts