ബെംഗളൂരുവിലെ ബഹിരാകാശ-ശാസ്ത്ര കേന്ദ്രങ്ങൾ സന്ദർശിച്ച് ജാപ്പനീസ് പാർലമെന്റ് പ്രതിനിധി സംഘം

ബെംഗളൂരു: ഇൻഡോ-ജപ്പാൻ വിസിറ്റ് പ്രോഗ്രാമിന്റെ ഭാഗമായി ജാപ്പനീസ് പാർലമെന്റ് അംഗങ്ങളുടെ ഉന്നതതല സംഘം ബെംഗളൂരുവിലെ പ്രമുഖ ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc), ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO), ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (BEL) എന്നിവ സന്ദർശിച്ചു. ജപ്പാനിലെ മുൻ വിദേശകാര്യ-പ്രതിരോധ മന്ത്രി താരോ കോണോയുടെ നേതൃത്വത്തിലുള്ള മൂന്നംഗ പ്രതിനിധി സംഘമാണ് BEL ബെംഗളൂരു കോംപ്ലക്‌സിലെത്തിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ ഡിസ്റ്റിംഗ്വിഷ്ഡ് വിസിറ്റേഴ്‌സ് പ്രോഗ്രാമിന്റെ (DVP) ഭാഗമായി സംഘടിപ്പിച്ച ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സഹകരണത്തിന്റെയും ഭാവി സാധ്യതകളുടെയും പ്രതിഫലനമാണെന്ന് ജപ്പാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നുള്ള ജനപ്രതിനിധികളായ താരോ കോണോ, കരേൻ മകിഷിമ, കെൻജി നകനിഷി, സാക്കോ യാമമോട്ടോ എന്നിവരാണ് ഇന്ത്യ സന്ദർശിക്കുന്ന സംഘത്തിലുള്ളത്. കൃത്രിമബുദ്ധി (AI), സാങ്കേതികവിദ്യ, ബഹിരാകാശ ഗവേഷണം, പ്രതിരോധം, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണം ഇരുരാജ്യങ്ങളുടെയും പ്രത്യേക തന്ത്രപ്രധാന ആഗോള പങ്കാളിത്തത്തിന്റെ പ്രധാന ഘടകമാണെന്ന് എംബസി വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും പുതിയ വികസനങ്ങളെക്കുറിച്ച് നേരിട്ടറിഞ്ഞ് മനസ്സിലാക്കാനും പ്രമുഖ പങ്കാളികളുമായി ആശയവിനിമയം നടത്താനുമാണ് ഈ സന്ദർശനം ലക്ഷ്യമിടുന്നത്.

കഴിഞ്ഞ മാസം ജാപ്പനീസ് പ്രതിരോധ മന്ത്രി ഷിൻജിറോ കൊയിസുമി ഇന്ത്യ സന്ദർശിക്കുകയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. സ്വതന്ത്രവും തുറന്നതുമായ ഇൻഡോ-പസഫിക് പ്രദേശം ലക്ഷ്യമിട്ട് പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നതിനും സമുദ്ര സുരക്ഷാ സഹകരണത്തിനായുള്ള നിവേദനത്തിൽ ഒപ്പുവെക്കുന്നതിനും ഈ കൂടിക്കാഴ്ച വഴിതെളിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജാപ്പനീസ് പാർലമെന്റ് അംഗങ്ങളുടെ ഇപ്പോഴത്തെ സന്ദർശനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts