ബെംഗളൂരു: നഗരവാസികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പിങ്ക് ലൈൻ മെട്രോ സർവീസ് ആരംഭിക്കുന്നത് വീണ്ടും നീളുന്നതായി സൂചന. ഈ മാസം അവസാനമോ വരാനിരിക്കുന്ന ദസറ ഉത്സവത്തിന് മുന്നോടിയായോ സർവീസ് ആരംഭിക്കുമെന്ന് ബി.എം.ആർ.സി.എൽ (BMRCL) ഉറപ്പുനൽകിയിരുന്നെങ്കിലും സാങ്കേതികവും ഭരണപരവുമായ തടസ്സങ്ങൾ കാരണം ദസറ കഴിഞ്ഞാലും ലൈൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുകയാണ്.
ആദ്യഘട്ടത്തിൽ പിങ്ക് ലൈനിലെ ആറ് എലിവേറ്റഡ് സ്റ്റേഷനുകളാണ് സെപ്റ്റംബർ അവസാനത്തോടെ ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിരുന്നത്. ഇതിനായി സെപ്റ്റംബർ ഏഴിന് ബി.എം.ആർ.സി.എൽ, റെയിൽവേ ബോർഡിനോട് ‘റോളിംഗ് സ്റ്റോക്ക്’ അനുമതിക്കായി അപേക്ഷിച്ചിരുന്നുവെങ്കിലും ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. ഈ അനുമതി ലഭിച്ചാൽ മാത്രമേ മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർക്ക് (CMRS) അന്തിമ പരിശോധന നടത്തുവാൻ സാധിക്കൂ. അതോടൊപ്പം, ഈ അംഗീകാരത്തിന് ശേഷവും ബി.എം.ആർ.സി.എൽ നൽകേണ്ട ഐ.എസ്.എ സിഗ്നലിംഗ് റിപ്പോർട്ടിന്റെ പരിശോധനയും സുരക്ഷാ വിലയിരുത്തലുകളും പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമാണ്.
ഇതിനുപുറമെ, സി.എം.ആർ.എസ് കമ്മീഷണറുടെ പെട്ടെന്നുള്ള സ്ഥലംമാറ്റവും നാല് മെട്രോ സ്റ്റേഷനുകളുടെ പേരുമാറ്റവുമായി ബന്ധപ്പെട്ടുയർന്ന തർക്കങ്ങളും പദ്ധതി വീണ്ടും വൈകാൻ കാരണമായി. കലേന അഗ്രഹാര മുതൽ നാഗവാര വരെയുള്ള 21.3 കിലോമീറ്റർ ദൈർഘ്യമുള്ള പിങ്ക് ലൈനിൽ 7.5 കിലോമീറ്റർ നീളുന്ന ആറ് എലിവേറ്റഡ് സ്റ്റേഷനുകളും തവരേക്കരെ മുതൽ നാഗവാര വരെയുള്ള ഭാഗത്ത് 12 ഭൂഗർഭ സ്റ്റേഷനുകളുമാണ് ഉൾപ്പെടുന്നത്. അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിരന്തരമായ കാലതാമസത്തിൽ കടുത്ത അമർഷവും നിരാശയുമാണ് ബെംഗളൂരുവിലെ മെട്രോ യാത്രക്കാർ പ്രകടിപ്പിക്കുന്നത്.
