ബെംഗളൂരു: നഗരത്തിൽ നിന്ന് മലബാറിലേക്കുള്ള റെയിൽ യാത്രാദുരിതത്തിന് ആശ്വാസമായി പുതിയ പ്രഖ്യാപനം. സേലം വഴി കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ പുതിയ ഇന്റർസിറ്റി എക്സ്പ്രസ് വരുന്നു.
ചൊവ്വാഴ്ച കോഴിക്കോട്ടെത്തിയ സതേൺ റെയിൽവേ പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻസ് മാനേജർ എസ്. അനന്തരാമനുമായി എം.കെ. രാഘവൻ എം.പി. നടത്തിയ ചർച്ചയിലാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്.
അന്തിമാംഗീകാരം റെയിൽവേ ബോർഡ് വൈകാതെ നൽകുമെന്നാണ് സൂചന.
സീസണിൽ ബെംഗളൂരുവിലേക്ക് വൻതിരക്കാണ് അനുഭവപ്പെടുന്നതെന്നും ബന്ദിപ്പൂരിലെ രാത്രിയാത്രാനിരോധനംമൂലം യാത്രക്കാർ ട്രെയിനിനെയാണ് മുഖ്യമായും ആശ്രയിക്കുന്നതെന്നും ചൂണ്ടിക്കാട്ടി സമ്മർദം ചെലുത്തിയപ്പോഴാണ് പുതിയ ഇന്റർസിറ്റിക്ക് അനുമതി നൽകാമെന്ന് പ്രിൻസിപ്പൽ മാനേജർ വ്യക്തമാക്കിയത്.