ബെംഗളൂരു: കാർഷിക വായ്പ എഴുതിത്തള്ളിയ മാതൃകയിൽ പാവപ്പെട്ട വിദ്യാർഥികളുടെ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാൻ സർക്കാർ തീരുമാനം. നേരത്തേ പട്ടികജാതി-വർഗ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാനാണ് തീരുമാനിച്ചിരുന്നത്. വിദ്യാഭ്യാസവായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ ജാതി പരിഗണിക്കില്ലെന്നും പാവപ്പെട്ട കുടുംബങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെ വായ്പ എഴുതിത്തള്ളാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ബാങ്കുകളിൽനിന്ന് വിദ്യാഭ്യാസ വായ്പ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ വായ്പയെടുത്ത വിദ്യാർഥികളുടെ കണക്കെടുപ്പ് സാമൂഹികക്ഷേമവകുപ്പ് തുടങ്ങിയിട്ടുണ്ട്. വിദ്യാർഥികൾ എടുത്ത വായ്പയുടെ കുടശ്ശിക കണ്ടെത്താനാണ് ആദ്യ ശ്രമം. കുടിശ്ശിക വരുത്തിയ വായ്പ സർക്കാർ ബാങ്കിന് നൽകും. വായ്പ എഴുതിത്തള്ളുന്നതിന്റെ ഭാഗമായി ജില്ലാതലത്തിൽ ബാങ്ക് അധികൃതരുടെ യോഗം വിളിക്കാനാണ് തീരുമാനം. പട്ടികജാതി-വർഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസവായ്പകൾ എഴുതിത്തള്ളുന്നത് സർക്കാരിന് അധിക സാമ്പത്തിക ബാധ്യത വരുത്തില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. എന്നാൽ മറ്റ് സമുദായങ്ങളുടെ വായ്പ എഴുതിത്തള്ളണമെങ്കിൽ ഫണ്ട് കണ്ടെത്തണം. പിന്നാക്ക ക്ഷേമവകുപ്പിന് വകയിരുത്തിയ ഫണ്ട് മറ്റ് സമുദായങ്ങൾക്ക് വിനിയോഗിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. സർക്കാർ ചെലവിന്റെ 24 ശതമാനവും പട്ടികജാതി-വർഗ ക്ഷേമത്തിനായാണ് വിനിയോഗിക്കുന്നത്. 2018-19 വർഷത്തിൽ 2,18,488 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്
നിലവിൽ സർക്കാർ ക്വാട്ടയിൽ പ്രവേശനംനേടിയ വിദ്യാർഥികളുടെ ഫീസ് സർക്കാരാണ് വഹിക്കുന്നത്. മാനേജ്‌മെന്റ് ക്വാട്ടയിൽ പ്രവേശനം നേടുന്നവരാണ് ബാങ്ക് വായ്പയെടുക്കുന്നത്. പദ്ധതി നടപ്പായാൽ ലക്ഷകണക്കിന് വിദ്യാർഥികൾക്ക് പ്രയോജനം ലഭിക്കും. ഗ്രാമീണ മേഖലയിൽനിന്നുള്ളവരാണ് കൂടുതലായും വിദ്യാഭ്യാസവായ്പയെ ആശ്രയിക്കുന്നത്. ഇതിൽ നല്ലൊരു ശതമാനവും കർഷക കുടുംബങ്ങളിൽ നിന്നുള്ളവരാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.