ബെംഗളൂരു ∙ പത്രപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് രണ്ടുമാസം പിന്നിടുമ്പോഴും കൊലയാളികൾ കാണാമറയത്തു തന്നെ. കേസന്വേഷിക്കുന്ന പ്രത്യേക സംഘം (എസ്ഐടി) രണ്ടു പ്രതികളുടേതെന്നു സംശയിക്കുന്ന മൂന്നു രേഖാചിത്രങ്ങളും വീടിനു സമീപത്തുനിന്നുള്ള സിസി ക്യാമറ ദൃശ്യങ്ങളും കഴിഞ്ഞ 14നു പുറത്തുവിട്ടിരുന്നെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല. സെപ്റ്റംബർ അഞ്ചിനു രാജരാജേശ്വരി നഗറിലെ വീടിനു മുന്നിലാണ് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്.
പ്രതികളെ പിടികൂടാൻ പിറ്റേന്നു തന്നെ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പ്രതികളെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ കൈമാറുന്നവർക്കു സർക്കാർ 10 ലക്ഷം രൂപ റിവാർഡും പ്രഖ്യാപിച്ചു. എന്നാൽ ഇതുവരെയും കൊലപാതകികളെക്കുറിച്ചു വ്യക്തമായ വിവരങ്ങളൊന്നും എസ്ഐടി പുറത്തുവിട്ടിട്ടില്ല. അന്വേഷണ സംഘത്തെ വെട്ടിച്ചുരുക്കുന്നുവെന്ന് അഭ്യൂഹം ഉയർന്നെങ്കിലും ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡി നിഷേധിച്ചു.
121 പേർ അന്വേഷണ സംഘത്തിൽ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ ഗൗരിയുടെ മരണത്തെ തുടർന്നു നിലച്ച ഗൗരി ലങ്കേഷ് പത്രികയുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള നീക്കത്തിലാണു സുഹൃത്തുക്കൾ. ഇതിനായി ട്രസ്റ്റ് രൂപീകരിക്കുന്നതു സംബന്ധിച്ച് ഇവർ കഴിഞ്ഞദിവസം യോഗം ചേർന്നു. പ്രതിവാര ടാബ്ലോയിഡിന്റെ പ്രവർത്തനം ഊർജിതമാക്കാൻ സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദ്, പ്രമുഖ മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായ് തുടങ്ങിയവരെ ട്രസ്റ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.
മികച്ച മാധ്യമപ്രവർത്തകനു ഗൗരി ലങ്കേഷിന്റെ പേരിൽ അവാർഡ് ഏർപ്പെടുത്തുകയും ചെയ്യും. പിതാവ് ലങ്കേഷ് 1980ൽ ആരംഭിച്ച ലങ്കേഷ് പത്രികയിലാണു ഗൗരി നേരത്തേ പ്രവർത്തിച്ചിരുന്നത്. പിതാവിന്റെ മരണശേഷം പത്രികയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സഹോദരൻ ഇന്ദ്രജിത്തുമായി അഭിപ്രായ വ്യത്യാസമുണ്ടായി. തുടർന്ന് 2005ലാണു ഗൗരി ലങ്കേഷ് പത്രിക ആരംഭിച്ചത്. ഗൗരിയുടെ സ്മരണ പുതുക്കി സെപ്റ്റംബർ 12നു സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് ഇറക്കിയതാണു ടോബ്ലോയിഡിന്റെ അവസാന പതിപ്പ്.