ഗോട്ടിഗെരെയിൽ തുടങ്ങുന്ന 29 കിലോമീറ്റർ മെട്രോ പാതയ്ക്ക് 5900 കോടി രൂപയാണ് നിർമാണ ചെലവ് കണക്കാക്കുന്നത്. വിമാനത്താവളത്തിന് ഉള്ളിലെ രണ്ടു സ്റ്റേഷനുകൾ ഉൾപ്പെടെ ആറു സ്റ്റേഷനുകൾ ഈ പാതയിലുണ്ടാവും. യെലഹങ്കയിലെ എയർഫോഴ്സ് സ്റ്റേഷനു സമീപത്ത് തറനിരപ്പിലൂടെയും ശേഷിച്ച ഭാഗങ്ങളിൽ മേൽപ്പാതയിലൂടെയുമാണ് മെട്രോ സർവീസ് നടത്തുക.
ഹെഗ്ഡെ നഗർ, ജക്കൂർ, യെലഹങ്ക (കോഗിലു ക്രോസ്), ചിക്കജാല എന്നിവയാണ് എയർപോർട്ടിനു മുൻപുള്ള സ്റ്റോപ്പുകൾ. നാഗവാരയിൽനിന്നു പരമാവധി അരമണിക്കൂർ കൊണ്ട് ട്രെയിൻ വിമാനത്താവളത്തിലെത്തും. പദ്ധതിക്കു മുഖ്യമന്ത്രി സിദ്ധരാമയ്യ അംഗീകാരം നൽകിയ ശേഷം ഡിപിആർ മന്ത്രിസഭയുടെ അനുമതിക്കായി സമർപ്പിക്കും.
വിമാനത്താവളത്തിലേക്കുള്ള മെട്രോ പാതയ്ക്കു നാലായിരം കോടി രൂപയാണ് നേരത്തേ ചെലവ് കണക്കാക്കിയിരുന്നത്. പുതിയ പാതയ്ക്കു മന്ത്രിസഭ അംഗീകാരം നൽകിയാലും ഇതിനൊപ്പം ഗോട്ടിഗെരെ–നാഗവാര (റെഡ് ലൈൻ) പാതയുടെ നിർമാണവും സമയബന്ധിതമായി പൂർത്തിയായാലേ നഗരത്തിൽനിന്നു വിമാനത്താവളത്തിലേക്കു മെട്രോയാത്ര സാധ്യമാകൂ.
21.25 കിലോമീറ്റർ വരുന്ന റെഡ്‌ലൈനിൽ ഡയറി സർക്കിൾ മുതൽ നാഗവാര വരെയുള്ള 13.9 കിലോമീറ്റർ ഭൂഗർഭപാതയാണ്. ഇതിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ 12 ടണൽ ബോറിങ് മെഷിനുകൾ (ടിബിഎം) ഉപയോഗിക്കാനാണ് ബിഎംആർസിഎൽ നീക്കം. ഈ പാത പൂർത്തിയാക്കാനുള്ള സമയപരിധി 2020 ആണ്.