ബെംഗളൂരു: കേരളത്തിൽ നിന്നുള്ള അപകടകരമായ മെഡിക്കൽ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കർണാടക അതിർത്തിയിൽ അനധികൃതമായി തള്ളിയതായി ഞെട്ടിക്കുന്ന വിവരം പുറത്തുവന്നു. കർണാടകയിലെ ചാമരാജനഗർ ജില്ലയിലുള്ള ഗുണ്ടൽപേട്ട് പട്ടണത്തിലെ ദേശീയപാത-766 ന്റെ വശങ്ങളിലാണ് ഡംപ് ട്രക്കിൽ കൊണ്ടുവന്ന മാലിന്യങ്ങൾ നിക്ഷേപിച്ച ശേഷം ഡ്രൈവർ കടന്നുകളഞ്ഞത്.
കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകുന്ന ഒഴിഞ്ഞ ചരക്ക് ലോറികളിൽ ആശുപത്രി മാലിന്യങ്ങൾ നിറച്ച് എത്തിച്ച്, രാത്രിയുടെ മറവിൽ ഹൈവേയുടെ വശങ്ങളിൽ തള്ളുന്നത് പതിവാകുകയാണെന്ന് നാട്ടുകാരും കന്നഡ അനുകൂല സംഘടനകളും ആരോപിക്കുന്നു. ഉപയോഗിച്ച സിറിഞ്ചുകൾ, ഗ്ലൂക്കോസ് കുപ്പികൾ, കോട്ടൺ, ബാൻഡേജുകൾ, ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന രാസമാലിന്യങ്ങൾ എന്നിവയാണ് ദേശീയപാതയോരത്ത് വൻതോതിൽ തള്ളിയിരിക്കുന്നത്. ഈ പ്രദേശം മുഴുവൻ സഹിക്കാനാവാത്ത ദുർഗന്ധം വമിക്കുകയാണെന്നും മാരകമായ പകർച്ചവ്യാധികൾ പടർന്നുപിടിക്കുമോ എന്ന ഭീതിയിലാണ് തങ്ങളെന്നും പ്രദേശവാസികൾ പറയുന്നു.
വനം വകുപ്പിന്റെയും പോലീസിന്റെയും കർശനമായ ചെക്ക്പോസ്റ്റുകൾ നിലനിൽക്കെ, മെഡിക്കൽ മാലിന്യവുമായി ഡംപ് ട്രക്ക് എങ്ങനെ അതിർത്തി കടന്നുവെന്നതിൽ ദുരൂഹതയുണ്ട്. കർണാടകയെ കേരളത്തിന്റെ മാലിന്യക്കൂമ്പാരമാക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നാട്ടുകാരും പ്രവർത്തകരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അതിർത്തി ചെക്ക്പോസ്റ്റുകളിൽ കൃത്യമായ പരിശോധന നടത്താത്ത ഉദ്യോഗസ്ഥർക്കെതിരെ അടിയന്തരമായി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
സംഭവത്തിൽ ദേശീയപാതയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാരായ ലോറിയും ഡ്രൈവറെയും കണ്ടെത്തണമെന്നും, ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി ക്രിമിനൽ കേസെടുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. കൂടാതെ, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി മെഡിക്കൽ മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കം ചെയ്ത് പ്രദേശം അണുവിമുക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
