അനുവാദമില്ലാതെ ദേശീയ ടീം ക്യാമ്പിൽ നിന്ന് ഇറങ്ങിപ്പോയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ സസ്പെൻഡ് ചെയ്തു. പരിശീലകൻ യൊർഗെ ജെസ്യൂസ് വാക്ക് പാലിച്ചില്ലെന്ന് ആരോപിച്ചാണ് താരം ക്യാമ്പ് വിട്ടത്. ഫെഡറേഷന്റെ നിയമാവലി പ്രകാരം ക്യാമ്പിൽ നിന്ന് അനുവാദമില്ലാതെ മാറിനിൽക്കുന്നത് അച്ചടക്കലംഘനമാണ്. ഫെഡറേഷന്റെ ഏത് ശിക്ഷയും സ്വീകരിക്കുമെന്ന് താരം പിന്നീട് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഫെഡറേഷന്റെ നിയമാവലി പ്രകാരം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട കളിക്കാരൻ അനുവാദമില്ലാതെ ക്യാമ്പ് ഉപേക്ഷിച്ചു പോയാൽ ഒന്നു മുതൽ ആറു മാസം വരെ വിലക്ക് ലഭിക്കാവുന്നതാണ്. കൂടാതെ പ്രൊഫഷണൽ കളിക്കാരനാണെങ്കിൽ 500 മുതൽ 1,000 യൂറോ വരെ പിഴയും ചുമത്താം. നിലവിൽ എത്രമാസത്തേക്കാണ് വിലക്ക് എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും, അച്ചടക്കസമിതി വിഷയം ചർച്ച ചെയ്ത് വരികയാണ്. വിലക്ക് ഒരുമാസത്തിൽ കൂടുതലായാൽ താരത്തിന് ഡെൻമാർക്ക്, വെയിൽസ് ടീമുകൾക്കെതിരായ യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾ നഷ്ടമാകും. എങ്കിലും സഹതാരങ്ങളോട് മാപ്പ് പറഞ്ഞ പശ്ചാത്തലത്തിൽ വിലക്കിന്റെ കാലാവധി കുറയ്ക്കാനുള്ള സാധ്യതയുണ്ട്.
താൻ സാധാരണയൊരു കളിക്കാരനല്ലെന്നും ടീമിന്റെ ക്യാപ്റ്റനാണെന്നും അതിനാൽ ഉത്തരവാദിത്തം വലുതാണെന്നും ക്രിസ്റ്റ്യാനോ പ്രതികരിച്ചു. താൻ ഇതിനകം മാപ്പ് ചോദിച്ചിട്ടുണ്ടെന്നും നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയാണെന്ന് അറിയാമെന്നും കൂട്ടിച്ചേർത്ത താരം, തുടർന്നും ദേശീയ ടീമിനായി കളിക്കുമെന്നും പ്രസ്താവനയിലൂടെ അറിയിച്ചു. നേഷൻസ് ലീഗിൽ വെയിൽസിനെതിരായ മത്സരത്തിൽ കളിച്ചെങ്കിലും, നോർവേക്കെതിരായ മത്സരത്തിൽ വാം അപ്പ് ചെയ്യിച്ച ശേഷം റൊണാൾഡോയെ ഇറക്കിയിരുന്നില്ല. ഇതേതുടർന്ന് പരിശീലകനും താരവും തമ്മിൽ ഭിന്നതയുണ്ടായിരുന്നു. തുടർന്ന് ഡെൻമാർക്കിനെതിരായ മത്സരത്തിൽ ഗോൺസാലോ റാമോസ് ആദ്യ ഇലവനിൽ കളിക്കുമെന്നും ക്രിസ്റ്റ്യാനോ ബെഞ്ചിലായിരിക്കുമെന്നും പരിശീലകൻ ജെസ്യൂസ് പ്രഖ്യാപിച്ചതാണ് താരത്തെ ടീം വിടാൻ പ്രേരിപ്പിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]