ഡേറ്റിംഗ് ആപ്പ് വഴി സൗഹൃദം, ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി വസ്ത്രങ്ങൾ അഴിപ്പിച്ച് ഫോൺപേ വഴി പണം തട്ടൽ: മൂന്ന് പേർ പിടിയിൽ

ബെംഗളൂരു : ഗേ ഡേറ്റിംഗ് ആപ്പ് വഴി ആളുകളെ പരിചയപ്പെട്ട് വിജനമായ സ്ഥലങ്ങളിൽ എത്തിച്ച് ദ്രോഹിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തിരുന്ന മൂന്നംഗ സംഘത്തെ ചിക്കബെല്ലാപൂർ പോലീസ് അറസ്റ്റ് ചെയ്തു. ചിക്കബെല്ലാപൂർ സ്വദേശികളായ മഹേഷ്, ചേതൻ, ഹോസ്കോട്ട് സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്.

‘ഗ്രൈൻഡർ’ പോലുള്ള ഗേ ഡേറ്റിംഗ് ആപ്പുകൾ വഴി നിരപരാധികളായ ആളുകളുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ആപ്പ് വഴി പരിചയപ്പെടുന്നവരെ ചിക്കബെല്ലാപൂർ താലൂക്കിലെ ദിബ്ബൂർ, ജടവാര, കൊണ്ടേനഹള്ളി തുടങ്ങിയ വിജനമായ പ്രദേശങ്ങളിലേക്ക് വിളിച്ചുവരുത്തും. തുടർന്ന് ഇരകളെ ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിച്ച് നഗ്നരാക്കി ക്രൂരമായി മർദ്ദിക്കുകയും, ഫോട്ടോകളും വീഡിയോകളും മൊബൈലിൽ പകർത്തി ബ്ലാക്ക് മെയിൽ ചെയ്യുകയുമായിരുന്നു ഇവരുടെ രീതി.

ഇരകളുടെ ഫോൺപേ അക്കൗണ്ട് വഴി പണം സ്വന്തം അക്കൗണ്ടുകളിലേക്ക് കൈമാറാൻ നിർബന്ധിക്കുകയും കുടുംബാംഗങ്ങളെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പണവും മൊബൈൽ ഫോണുകളും കവർന്ന ശേഷം ഇരകളെ വിജനമായ സ്ഥലങ്ങളിൽ ഉപേക്ഷിച്ച് കടന്നുകളയുകയാണ് പതിവ്. കഴിഞ്ഞ ആഴ്ച ചിക്കബെല്ലാപൂരിൽ നിന്നുള്ള ഒരു പച്ചക്കറി വ്യാപാരിയും ഷിഡ്ലഘട്ടയിലെ ഒരു അധ്യാപകനും സമാന രീതിയിൽ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പോലീസാണ് പ്രതികളെ വലയിലാക്കിയത്. അറസ്റ്റിലായ സംഘം ഇതുവരെ സമാനമായ എട്ടോളം കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ചിക്കബെല്ലാപൂർ, ഗൗരിബിദനൂർ, ചിന്താമണി, ബെംഗളൂരു റൂറൽ ജില്ലകൾ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്. ഡേറ്റിംഗ് ആപ്പുകൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts