ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കീശ്ശേരി സ്വദേശിയും കണിയാരതൊടി വീട്ടിൽ ജിനന്റെ മകനുമായ രഞ്ജിത്ത് സി. (26) ആണ് മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എമർജൻസി വിഭാഗത്തിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു.
വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെ താമസസ്ഥലത്തു നിന്ന് ആശുപത്രിയിലേക്ക് ജോലിക്ക് പോകുന്നതിനിടെ കൂടുൽഗേറ്റ് എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽപ്പെടുകയും രഞ്ജിത്ത് സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയുമായിരുന്നു.
അപകടത്തെ തുടർന്ന് ഓൾ ഇന്ത്യ കെ.എം.സി.സി ബെംഗളൂരു പ്രവർത്തകരുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി. മൃതദേഹം സെന്റ് ജോൺസ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി. രജനണിയാണ് രഞ്ജിത്തിന്റെ അമ്മ. ശ്രീജിത്ത്, യദു നന്ദ് എന്നിവർ സഹോദരങ്ങളാണ്.
