കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനപ്രകാരം ഇന്ത്യയിൽ മൊബൈൽ ഫോൺ ടവറുകളുടെ റേഡിയേഷൻ പരിധി ഉയർത്തിയതോടെ 5ജി സേവനങ്ങൾ കൂടുതൽ വേഗത്തിലും മികച്ച കവറേജിലും ലഭിക്കാൻ വഴിയൊരുങ്ങുന്നു. 5ജി ബേസ് സ്റ്റേഷനുകളുടെ ഇലക്ട്രോമാഗ്നറ്റിക് ഫീൽഡ് (EMF) പവർ ഡെൻസിറ്റി പരിധി ചതുരശ്ര മീറ്ററിന് 5 വാട്ട് എന്നതിൽ നിന്ന് 10 വാട്ടായാണ് ടെലിക്കോം മന്ത്രാലയം പുനർനിശ്ചയിച്ചത്.
ഇതോടെ റേഡിയേഷൻ പരിധിയിൽ ഇന്ത്യ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് ഒപ്പമെത്തിയിരിക്കുകയാണ്. അടുത്ത മാസം മുതൽ ഈ പുതിയ മാറ്റം രാജ്യത്ത് നിലവിൽ വരും.
ലോകാരോഗ്യ സംഘടനയ്ക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന ‘ഐസിഎൻഐആർപി’ (International Commission on Non-Ionizing Radiation Protection) നിശ്ചയിച്ചിട്ടുള്ള ആഗോള നിലവാരമായ 10 W/m² എന്ന പരിധിയാണ് ഇന്ത്യയും ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. യുകെ, യൂറോപ്യൻ യൂണിയൻ, ഓസ്ട്രേലിയ, ജപ്പാൻ, സിംഗപ്പൂർ തുടങ്ങി നൂറ്റിമുപ്പത്തേഴിലധികം രാജ്യങ്ങൾ നിലവിൽ ഈ മാനദണ്ഡമാണ് പിന്തുടരുന്നത്. മുൻപ് ആഗോള തലത്തിലുള്ളതിനേക്കാൾ വളരെ കർശനമായ നിയന്ത്രണങ്ങളായിരുന്നു ഇന്ത്യയിൽ ഉണ്ടായിരുന്നത്. മുൻപ് ചതുരശ്ര മീറ്ററിന് 1 വാട്ട് ആയിരുന്ന പരിധി കഴിഞ്ഞ വർഷമാണ് 5 വാട്ടാക്കി ഉയർത്തിയത്. അതാണ് ഇപ്പോൾ വീണ്ടും വർദ്ധിപ്പിച്ച് 10 വാട്ടാക്കി മാറ്റിയിരിക്കുന്നത്.
സിഗ്നലുകളുടെ ശേഷി വർദ്ധിക്കുന്നതോടെ ഒരു ടവറിൽ നിന്നുള്ള 5ജി റേഞ്ച് കൂടുതൽ ദൂരത്തേക്ക് വ്യാപിക്കും. കുറഞ്ഞ എണ്ണം ടവറുകൾ ഉപയോഗിച്ച് കൂടുതൽ പ്രദേശങ്ങളിൽ കവറേജ് നൽകാൻ സാധിക്കുന്നത് ടെലിക്കോം കമ്പനികൾക്ക് വലിയ ആശ്വാസമാകും. നിലവിൽ 5ജി കവറേജ് വിപുലീകരിച്ചുകൊണ്ടിരിക്കുന്ന വൊഡാഫോൺ ഐഡിയയ്ക്കാണ് (Vi) ഈ തീരുമാനം ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നത്. കുറഞ്ഞ ചെലവിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് 5ജി എത്തിക്കാൻ ഇത് വിഐയെ സഹായിക്കും. റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നീ കമ്പനികൾക്ക് കൂടുതൽ ഉപയോക്താക്കൾ ഉള്ള സ്ഥലങ്ങളിൽ തടസ്സമില്ലാതെ സേവനം നൽകാനും ഭാവിയിൽ 5ജി അവതരിപ്പിക്കുമ്പോൾ ബിഎസ്എൻഎല്ലിന് കുറഞ്ഞ ചെലവിൽ ശൃംഖല നിർമ്മിക്കാനും ഈ മാറ്റം വഴിയൊരുക്കും.
റേഡിയേഷൻ പരിധി ഉയർത്തിയത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. മനുഷ്യശരീരത്തിന് ദോഷകരമായേക്കാവുന്ന ഏറ്റവും കുറഞ്ഞ റേഡിയേഷൻ അളവിനേക്കാൾ 50 മടങ്ങ് കുറഞ്ഞ നിലവാരത്തിലാണ് അന്താരാഷ്ട്ര ഏജൻസികൾ 10 W/m² എന്ന പരിധി നിശ്ചയിച്ചിരിക്കുന്നത്. മാത്രമല്ല, മൊബൈൽ ടവറുകളിൽ നിന്ന് പുറത്തുവരുന്നത് എക്സ്-റേ, ഗാമാ-റേ എന്നിവയെപ്പോലെ ഡിഎൻഎയ്ക്ക് കേടുപാടുകൾ വരുത്താൻ ശേഷിയുള്ള അയോണൈസിങ് റേഡിയേഷനുകളല്ല, മറിച്ച് തികച്ചും സുരക്ഷിതമായ നോൺ-അയോണൈസിങ് റേഡിയേഷനുകളാണ്. അതുകൊണ്ടുതന്നെ പുതിയ മാറ്റം മനുഷ്യർക്ക് യാതൊരുവിധ ആരോഗ്യഭീഷണിയും ഉയർത്തുന്നില്ല എന്നാണ് റിപ്പോർട്ടികൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]