ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളെ സമീപത്തെ റെസിഡൻഷ്യൽ മേഖലകളുമായും വാണിജ്യ-വ്യവസായ കേന്ദ്രങ്ങളുമായും ബന്ധിപ്പിച്ചുകൊണ്ട് ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (BMTC) ആറ് പുതിയ ഫീഡർ ബസ് സർവീസുകൾ ആരംഭിച്ചു. ഇലക്ട്രോണിക്സ് സിറ്റി, ഹൊസ റോഡ്, കെ.ആർ പുരം, ബെന്നിഗനഹള്ളി എന്നീ മെട്രോ സ്റ്റേഷനുകളെ കേന്ദ്രീകരിച്ചാണ് ഈ പുതിയ സർവീസുകൾ പ്രധാനമായും പ്രവർത്തിക്കുക.
യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന രീതിയിലാണ് പുതിയ റൂട്ടുകളിലൊന്ന് ക്രമീകരിച്ചിരിക്കുന്നത്. ഇലക്ട്രോണിക്സ് സിറ്റി വിപ്രോ ഗേറ്റിൽ നിന്ന് ആരംഭിച്ച് ടിൻ ഫാക്ടറിയിലേക്കാണ് (ബെന്നിഗനഹള്ളി മെട്രോ സ്റ്റേഷൻ) ഈ സർവീസ്. യാത്രയ്ക്കിടയിൽ ഇലക്ട്രോണിക്സ് സിറ്റി, കോനപ്പന അഗ്രഹാര, ഹൊസ റോഡ്, ഹരലൂർ, സർജാപ്പൂർ റോഡ് ജംഗ്ഷൻ, കടുബീസനഹള്ളി, മാരത്തഹള്ളി ബ്രിഡ്ജ് ജംഗ്ഷൻ, ദൊഡ്ഡനേകുന്ദി റെയിൽവേ ബ്രിഡ്ജ്, മഹാദേവപുര ജംഗ്ഷൻ, കെ.ആർ പുരം റെയിൽവേ സ്റ്റേഷൻ എന്നീ പ്രധാന കേന്ദ്രങ്ങളെ ഈ ബസ് സർവീസ് ബന്ധിപ്പിക്കും.
രണ്ട് ഭാഗങ്ങളിൽ നിന്നും പുലർച്ചെ മുതൽ രാത്രി വൈകുന്നത് വരെ യാത്രക്കാർക്ക് ഈ സേവനം ലഭ്യമായിരിക്കും. ഇലക്ട്രോണിക്സ് സിറ്റി വിപ്രോ ഗേറ്റിൽ നിന്നുള്ള ആദ്യ ബസ് സർവീസ് പുലർച്ചെ 5.30-ന് ആരംഭിക്കും, അവസാന സർവീസ് രാത്രി 9.10-നാണ്. സമാനമായി, ടിൻ ഫാക്ടറിയിൽ (ബെന്നിഗനഹള്ളി മെട്രോ സ്റ്റേഷൻ) നിന്നുള്ള ആദ്യ സർവീസ് പുലർച്ചെ 5.30-നും അവസാന സർവീസ് രാത്രി 9.10-നും പുറപ്പെടും. പുതിയ ഫീഡർ ബസുകൾ എത്തുന്നതോടെ ഐടി ജീവനക്കാർക്കും നിത്യയാത്രക്കാർക്കും മെട്രോ സ്റ്റേഷനുകളിലേക്കുള്ള കണക്റ്റിവിറ്റി കൂടുതൽ എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
