മുംബൈ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ആഹ്വാനം ചെയ്ത രണ്ടാം ഘട്ട ത്രിദിന പണിമുടക്ക് സെപ്റ്റംബർ 28 മുതൽ ആരംഭിക്കും. ബാങ്ക് അവധി ദിവസങ്ങളും പണിമുടക്കും ഒരുമിച്ച് വരുന്നതോടെ രാജ്യത്ത് തുടർച്ചയായി അഞ്ച് ദിവസം ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടും.
സെപ്റ്റംബർ 26 നാലാം ശനിയാഴ്ചയായതിനാൽ ബാങ്ക് അവധിയാണ്. 27 ഞായറാഴ്ചയും ബാങ്കുകൾ പ്രവർത്തിക്കില്ല. തുടർന്ന് 28, 29, 30 തീയതികളിൽ ത്രിദിന പണിമുടക്ക് നടക്കുന്നതോടെ ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ ബാങ്കുകൾ പൂർണമായി അടഞ്ഞുകിടക്കും. ഈ സാഹചര്യത്തിൽ ഇടപാടുകൾ തടസ്സപ്പെടാതിരിക്കാൻ വരും ദിവസങ്ങളിൽ തന്നെ ആവശ്യമായ ബാങ്കിങ് കാര്യങ്ങൾ പൂർത്തിയാക്കണമെന്ന് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അതേസമയം, അവധി ദിവസങ്ങളിലും ഓൺലൈൻ ബാങ്കിങ്, എടിഎം സേവനങ്ങൾ എന്നിവ തടസ്സമില്ലാതെ ലഭ്യമായിരിക്കും.
ആഹ്വാനം ചെയ്ത് യുഎഫ്ബിയു
ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം രാജ്യത്തെ ഏഴ് പ്രമുഖ യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യുഎഫ്ബിയു) നേതൃത്വത്തിലാണ് പണിമുടക്ക് സംഘടിപ്പിക്കുന്നത്. മുൻപ് സെപ്റ്റംബർ 11-നും സംഘടനകളുടെ നേതൃത്വത്തിൽ പണിമുടക്ക് നടത്തിയിരുന്നു. സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ മൂന്ന് ദിവസത്തെ പണിമുടക്കിലേക്ക് കടക്കാൻ തീരുമാനിച്ചിരിക്കുന്നത്.
പ്രധാന ആവശ്യം 5 ദിവസത്തെ പ്രവൃത്തിദിനം
റിസർവ് ബാങ്ക്, സെബി തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങളുടെ മാതൃകയിൽ രാജ്യത്തെ മുഴുവൻ ബാങ്കുകളുടെയും പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ അഞ്ച് ദിവസമാക്കുക എന്നതാണ് ജീവനക്കാരുടെ പ്രധാന ആവശ്യം. എന്നാൽ ഈ ആവശ്യത്തിന്മേൽ സർക്കാർ ഇതുവരെ അനുകൂല തീരുമാനം കൈക്കൊണ്ടിട്ടില്ല. വിശാലമായ കൂടിയാലോചനകൾക്ക് ശേഷം മാത്രം തീരുമാനിക്കേണ്ട വിഷയമാണിതെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
2024 മാർച്ചിന് മുൻപ് തന്നെ പ്രവൃത്തിദിനം അഞ്ചാക്കി ചുരുക്കാൻ ബാങ്ക് മാനേജ്‌മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ (ഐബിഎ) അനുമതി നൽകിയിരുന്നെങ്കിലും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അന്തിമ അംഗീകാരം വൈകുകയാണ്.
അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്
വിഷയത്തിൽ പരിഹാരം കാണുന്നതിനായി കേന്ദ്ര ലേബർ കമ്മീഷണറുമായി യൂണിയൻ പ്രതിനിധികൾ നടത്തുന്ന അടുത്ത ഘട്ട ചർച്ച ഒക്ടോബർ 15-ന് നടക്കും. ഈ യോഗത്തിൽ സമവായമുണ്ടായില്ലെങ്കിൽ ഒക്ടോബർ 26 മുതൽ രാജ്യവ്യാപകമായി അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്നും ബാങ്ക് സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]