കാസർകോട്: ഏറെ പ്രതീക്ഷയോടെ വാങ്ങിയ മരുന്നിനും രണ്ടരവയസ്സുകാരി മകളെ മരണത്തിന് വിട്ടുകൊടുക്കാതെ കാക്കാൻ കഴിഞ്ഞില്ല. എന്നാൽ, ആ മരുന്ന് ഉപയോഗിച്ച് മറ്റൊരാൾക്ക് രക്ഷപ്പെടാൻ കഴിയുമെങ്കിൽ അങ്ങനെയാകട്ടെ എന്ന് കരുതി അത് സൂക്ഷിച്ചുവെച്ച ആ മാതാപിതാക്കൾ ഒടുവിൽ കാസർകോട് ജനറൽ ആശുപത്രിക്ക് മാതൃകയായി. തങ്ങളുടെ മകളുടെ ഓർമയ്ക്കായി നൽകിയ മരുന്ന് നാലുപേർക്ക് ആശ്വാസമായി എന്നറിഞ്ഞപ്പോൾ വേദനയ്ക്കിടയിലും കാഞ്ഞങ്ങാട് അതിഞ്ഞാലിലെ അബ്ദുൾ സലാം മാട്ടുമ്മലും ഭാര്യ വടക്കേപ്പുറം സമീനയും സമാധാനത്തിന്റെ പുഞ്ചിരി തൂകുകയാണ്.
തലച്ചോറിൽ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്ന മകൾ മറിയം സിൻവയുടെ ചികിത്സയ്ക്കായി വാങ്ങിയ 20,000 രൂപയിലേറെ വിലവരുന്ന മരുന്നാണ് ഇവർ കാസർകോട് ജനറൽ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിന് സംഭാവന ചെയ്തത്. രണ്ടാം പിറന്നാളിന് പിന്നാലെ കുഞ്ഞിന്റെ കണ്ണിൽ അസ്വഭാവികത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ട്യൂമർ തിരിച്ചറിഞ്ഞത്. തുടർന്ന് മംഗളൂരു ഇന്ത്യാന ആശുപത്രി, മാംഗ്ലൂർ നഴ്‌സിങ് ഹോം, യെനപ്പോയ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലായി ആറുമാസത്തിലേറെ നീണ്ട ചികിത്സ നടത്തിവരികയായിരുന്നു. ഈ മാസം ആറിന് തിരികെ വീട്ടിലെത്തിച്ച കുഞ്ഞിന്റെ നില പുലർച്ചയോടെ വഷളാകുകയും ആശുപത്രിയിലെത്തിക്കും മുൻപ് തന്നെ സെപ്റ്റംബർ ഏഴിന് മരിക്കുകയുമായിരുന്നു.
അർബുദകോശങ്ങളുടെ വളർച്ച തടയാൻ കുത്തിവെക്കുന്ന മരുന്ന് ഡോക്ടറുടെ നിർദേശപ്രകാരമാണ് കുടുംബം വാങ്ങിയിരുന്നത്. എന്നാൽ, കുട്ടിയുടെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് മരുന്ന് കുത്തിവെക്കാൻ സാധിക്കില്ലെന്ന് വ്യക്തമായതോടെ, അർഹരായ ആവശ്യക്കാർക്ക് ഇത് നൽകാൻ ഇവർ തീരുമാനിക്കുകയായിരുന്നു.
കാസർകോട് നഗരസഭാ ചെയർപേഴ്‌സൺ ഷാഹിന സലീമിന്റെ ഇടപെടലോടെയാണ് മരുന്ന് ജനറൽ ആശുപത്രിയിലേക്ക് എത്തിക്കാൻ വഴിതെളിഞ്ഞത്. മരുന്ന് തിരികെയെടുക്കാൻ സാധിക്കില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന്, ഇന്ത്യാന ആശുപത്രിയിൽ വെച്ച് കുഞ്ഞിന്റെ മാതൃസഹോദരൻ യാദൃശ്ചികമായി കണ്ട ചെയർപേഴ്‌സണോട് വിവരം ധരിപ്പിക്കുകയായിരുന്നു.
പ്രത്യേകം ശീതീകരിച്ച സംവിധാനത്തിൽ സൂക്ഷിക്കേണ്ട മരുന്ന് വ്യാഴാഴ്ച അതിഞ്ഞാലിലെ ഇഖ്‌റാ ഫാർമസിയിലെത്തിച്ചു. തുടര്‍ന്ന്, ജനറൽ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിന് ഈ മരുന്ന് ആവശ്യമുണ്ടെന്നറിഞ്ഞ് ചെയർപേഴ്‌സൺ മുൻകൈയെടുത്ത് വെള്ളിയാഴ്ചതന്നെ കാസർകോട്ടെത്തിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കുകയായിരുന്നു.
നഗരസഭാ വൈസ് ചെയർപേഴ്‌സൺ കെ.എം. ഹനീഫ് മരുന്ന് ആശുപത്രി അധികൃതർക്ക് കൈമാറി. ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷരായ മെഹറുന്നിസ ഹമീദ്, ജാഫർ കമാൽ, കൗൺസിലർ രാമകൃഷ്ണ ഹൊള്ള, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. വി. ജിതേഷ് തുടങ്ങിയവർ പങ്കെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]