ഹോട്ടൽ മുറികളിലെ രഹസ്യ സങ്കേതങ്ങൾ, ഒളിപ്പിച്ച ഫോണുകൾ: ബെംഗളൂരുവിൽ കുടുങ്ങിയത് അന്താരാഷ്ട്ര സൈബർ ശൃംഖല

CYBER ONLINE CRIME

ബെംഗളൂരു: സൈബർ തട്ടിപ്പുകളിലൂടെ തട്ടിയെടുക്കുന്ന കോടിക്കണക്കിന് രൂപ രാജ്യത്തുടനീളം നിയമവിരുദ്ധമായി കൈമാറ്റം ചെയ്യാൻ ബിനാമി (‘മ്യൂൾ’) ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്ന കൂറ്റൻ ശൃംഖലയെ ബെംഗളൂരു നോർത്ത് ഡിവിഷൻ സൈബർ ക്രൈം പോലീസ് തകർത്തു. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡ് സ്വദേശിയായ അമിത് മിശ്ര, ബെംഗളൂരു സ്വദേശികളായ തൗസീഫ് അഹമ്മദ്, പരശുറാം കണ്ണവർ എന്നിവരാണ് പിടിയിലായത്. ഇവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 507 അക്കൗണ്ടുകളുടെ വിവരങ്ങൾ കണ്ടെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ഓഹരി വിപണി നിക്ഷേപത്തിന്റെ പേരിൽ 93.6 ലക്ഷം രൂപ നഷ്ടപ്പെട്ടതിനെ തുടർന്ന് ബെംഗളൂരു സ്വദേശിയായ ഹരീഷ് കുമാർ നൽകിയ പരാതിയിൽ നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് വൻ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. കമ്മീഷൻ വാഗ്ദാനം ചെയ്ത് സാധാരണക്കാരിൽ നിന്ന് കറന്റ്, കോർപ്പറേറ്റ് ബാങ്ക് അക്കൗണ്ടുകൾ, നെറ്റ് ബാങ്കിംഗ് ഐഡികൾ, സിം കാർഡുകൾ എന്നിവ കൈക്കലാക്കിയായിരുന്നു സംഘത്തിന്റെ പ്രവർത്തനം. അക്കൗണ്ട് ഉടമകളെ ഹോട്ടലുകളിൽ താമസിപ്പിച്ച് അവരുടെ ഫോണുകളിൽ ‘ZNPAY’ പോലുള്ള എസ്.എം.എസ് ഫോർവേഡിംഗ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയും, ഇതഴിച്ച് ബാങ്കുകളിൽ നിന്നുള്ള ഒ.ടി.പിയും സന്ദേശങ്ങളും നേരിട്ട് തട്ടിപ്പുകാർക്ക് ലഭ്യമാക്കുകയുമായിരുന്നു. തുടർന്ന് ദൂരെയിരുന്ന് തട്ടിപ്പുകാർ ഈ അക്കൗണ്ടുകൾ വഴി കോടിക്കണക്കിന് രൂപയുടെ അനധികൃത ഇടപാടുകൾ നടത്തി.

പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഫോണുകൾ പരിശോധിച്ചപ്പോഴാണ് ഈ 507 അക്കൗണ്ടുകളും ഡൽഹി, മഹാരാഷ്ട്ര, കർണാടക തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ സൈബർ കുറ്റകൃത്യ കേസുകളുമായി ബന്ധപ്പെട്ടതാണെന്ന് തെളിഞ്ഞത്. വയർലെസ് ആയി തട്ടിപ്പ് ഏകോപിപ്പിക്കാൻ എ.പി.കെ ഫയലുകൾ, ടെലിഗ്രാം, വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ എന്നിവയാണ് ഇവർ ഉപയോഗിച്ചിരുന്നത്. ടെലിഗ്രാം, വാട്ട്‌സ്ആപ്പ് ഐ.പി വിലാസങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ സാങ്കേതിക വിശകലനത്തിൽ ഈ ശൃംഖലയുടെ ഉത്ഭവം കൊൽക്കത്ത, ഹോങ്കോംഗ്, യു.എസ്.എയിലെ കാലിഫോർണിയ എന്നിവിടങ്ങളിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തട്ടിയെടുക്കുന്ന പണം ബിനാൻസ് ക്രിപ്‌റ്റോ വാലറ്റുകൾ വഴിയാണ് ഇവർ മാറ്റിയിരുന്നത്. കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കുകയും ശൃംഖലയിലെ ബാക്കിയുള്ള പ്രതികൾക്കായി തിരച്ചിൽ വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts