ദുബായ്: താമസസ്ഥലത്തുനിന്ന് ജുമുഅ പ്രാർഥനയ്ക്കായി പുറപ്പെട്ട കാസർകോട് സ്വദേശിയായ യുവ പ്രവാസിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് നോർത്ത് ചിത്താരി മീത്തൽ സ്വദേശി ടി.വി. ഫിറോസ് (32) ആണ് മരിച്ചത്. പരിശോധനയിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ താമസസ്ഥലത്തുനിന്ന് പള്ളിയിലേക്ക് പുറപ്പെട്ട ഫിറോസിനെ വൈകുന്നേരമായിട്ടും കാണാത്തതിനെ തുടർന്ന് ഒപ്പം താമസിക്കുന്നവർ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. തുടർന്ന് രാത്രി ഒൻപതോടെ ഫിറോസ് ജോലി ചെയ്യുന്ന സ്ഥാപനത്തിന് തൊട്ടുപിന്നിലെ ഒഴിഞ്ഞ സ്ഥലത്ത് (കച്ച) പാർക്ക് ചെയ്തിരുന്ന കാറിന്റെ ഡ്രൈവിങ് സീറ്റിൽ ചാരി കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
വിവരമറിഞ്ഞ് പൊലീസും ആംബുലൻസും സ്ഥലത്തെത്തി കാറിന്റെ ഗ്ലാസ് പൊളിച്ചാണ് ഫിറോസിനെ പുറത്തെടുത്തത്. ഉടൻ തന്നെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദുബായിൽ സഹോദരങ്ങൾക്കൊപ്പം സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു ഫിറോസ്. പരേതരായ മൊയ്തീൻ ഹാജിയുടെയും മറിയമിന്റെയും മകനാണ്. ഭാര്യ: ഹാദിയ. സഹോദരങ്ങൾ: അഷ്റഫ്, സൈനുദ്ദീൻ, ഹമീദ്, ഹനീഫ, നാസർ, യൂസഫ്, ഇസ്മായിൽ, സൗദ, ഫൗസിയ.
മൃതദേഹം നിലവിൽ ഉമ്മുൽ ഖുവൈൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികൾ പൂർത്തിയായ ശേഷം മയ്യിത്ത് നമസ്കാരത്തിന്റെ സമയവും സ്ഥലവും അറിയിക്കുമെന്നും പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും ബന്ധുക്കൾ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]